ad
Deshabhimani

കാപ്പ കേസ് പ്രതിയുടെ കൊലപാതകം 2 പേർകൂടി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2026, 01:35 AM | 1 min read

പാറശാല

കാപ്പ കേസ് പ്രതി അയിര ചെങ്കവിള വെളിയംകോട്ടുകോണം സി കെ സദനത്തിൽ അതുലിനെ (30)തമിഴ്‌നാട്ടിൽ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. മാർത്താണ്ഡം പമ്മം സ്വദേശി സയിദ് അലി (29), കുഴിത്തുറ കല്ലിക്കട്ടി സ്വദേശി രമേഷ് (50) എന്നിവരെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രതികളെ പിടികൂടിയാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂവെന്ന്‌ ബന്ധുക്കൾ അറിയിച്ചിരുന്നു. മാർത്താണ്ഡം ഉണ്ണാമലൈക്കട ആർ സി സ്ട്രീറ്റിൽ നിതീഷ് (29), മാങ്കര കാംബ്ലാർ സ്വദേശി മെർബിൻ ജിയോ (27) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. മുഖ്യപ്രതികളായ അച്ഛനും മകനും ഒളിവിലാണ്. വെള്ളിയാഴ്ചയാണ് അതുലിനെ മാർത്താണ്ഡത്തിന് സമീപം കണ്ണംകോട്ട് താമ്രപർണി നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പച്ചകുത്തിയിരുന്നതിനാലാണ് മൃതദേഹം തിരിച്ചറിയാനായത്. കാപ്പ കേസിലടക്കം പ്രതിയായ അതുലിന് പൊഴിയൂർ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ പാറശാലയ്ക്ക് സമീപം പളുകലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ 27ന് കുഴിത്തുറയിൽ സുഹൃത്തിന്റെ വീട്ടിൽ നൂലുകെട്ടിന്‌ പോയ അതുലിനെ പിന്നീട് കണ്ടെത്താനായില്ല. 28 വൈകിട്ട് കുഴിത്തുറയ്ക്ക്‌ സമീപം ബാറിൽ സുഹൃത്തുക്കളുമായി മദ്യപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്‌. കാരോടിലെ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനായ അതുൽ ശിവസേനയുടെ കേരള ഘടകം പ്രസിഡന്റാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home