ad
Deshabhimani

കോടമഞ്ഞിൻ കുളിരിൽ കാളിമല

kalimala

കോടമഞ്ഞാൽ മൂടിയ കാളിമല

avatar
അഖിലേഷ്‌ ആനാവൂർ

Published on Jun 12, 2026, 11:32 PM | 1 min read

വെള്ളറട

പെയ്തിറങ്ങുന്ന മഴ, പച്ചപുതച്ച മലമടക്കുകളെ വിഴുങ്ങി ഇടതടവില്ലാതെ ഒഴുകിയിറങ്ങുന്ന പാലോളിപ്പരപ്പുപോലുള്ള കോടമഞ്ഞ്. കാറ്റിൻ ഈണത്തിനൊപ്പം തുള്ളുന്ന മരങ്ങൾ, വേനലിന്റെ തളർച്ചയേറ്റി വാങ്ങിയ മലയോരത്തിന് കുളിർമയായി മഴക്കാലമെത്തിയതോടെ, അതിർത്തി മലനിരകളായ കാളിമലയും കുരിശുമലയും പ്രകൃതിയുടെ വശ്യസുന്ദരമായ കാഴ്‌ചയാണ്‌. നഗരത്തിരക്കുകളിൽനിന്ന്‌ മാറി പ്രകൃതിയുടെ മടിത്തട്ടിലേക്ക് എത്തുന്നവർക്ക് ഇവിടം കുളിർമയേകുകയാണ്‌. ഈ തണുപ്പിലേക്ക് അലിഞ്ഞുചേരാൻ വാരാന്ത്യങ്ങളിൽ നിരവധി സഞ്ചാരികളാണെത്തുന്നത്‌. ​സൂര്യനെ മറയ്‌ക്കും 
മഞ്ഞിൻകൂടാരം സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ ഇവിടത്തെ കാലാവസ്ഥ എപ്പോഴും കുളിർമയുള്ളതാണ്. അതിരാവിലെമുതൽ മൂടൽമഞ്ഞിന്റ കമ്പളം പുതച്ചാണ് മലനിരകൾ ഉണരുന്നത്. ഉച്ചവെയിലിലും സൂര്യപ്രകാശത്തെ മറച്ചുപിടിക്കുന്ന കാർമേഘങ്ങളും തണുത്ത കാറ്റും മലകയറിവരുന്നവരുടെ യാത്രാക്ഷീണം നിമിഷനേരംകൊണ്ട് ഇല്ലാതാക്കും. ഇവിടത്തെ പ്രധാന വ്യൂ പോയിന്റുകളിൽ എത്തിയാൽ കുളിർമയേകുന്ന കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. താഴെ തമിഴ്‌നാട്‌ അതിർത്തി ഗ്രാമങ്ങളും പച്ചനിറത്തിൽ തെളിയുന്ന വയലുകളും മലയടിവാരങ്ങളും മൂടൽമഞ്ഞിനിടയിലൂടെ തെളിഞ്ഞു കാണാം. ​സാഹസികതയും ട്രക്കിങ്ങും കുത്തനെയുള്ള കയറ്റങ്ങളും പ്രകൃതിദത്തമായ പാറക്കെട്ടുകളും നിറഞ്ഞ കാനനപാതയിലൂടെയുള്ള യാത്ര സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളുടെയും ട്രക്കേഴ്സിന്റയും പ്രധാന ആകർഷണമാണ്. മഴ കനത്തതോടെ വഴികളിൽ വഴുക്കൽ വർധിച്ചിട്ടുണ്ടെങ്കിലുംആ വെല്ലുവിളി ഏറ്റെടുത്ത് കുടുംബസമേതം എത്തുന്നവരും കുറവല്ല. ​അടിസ്ഥാന സൗകര്യ 
വികസനം അനിവാര്യം വർഷംതോറും സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ്. അതുകൊണ്ടുതന്നെ, ഈ മലയോര വിനോദസഞ്ചാര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണ്. റോഡുകൾ വേണം. ഒപ്പം പരിസ്ഥിതി സംരക്ഷണവും. പ്ലാസ്റ്റിക് കുപ്പികളും കവറുകളും വനമേഖലയിൽ തള്ളുന്നത് തടയാൻ നിരീക്ഷണം വേണം. പ്രകൃതിയുടെ തനിമ ഒട്ടും ചോർന്നുപോകാതെ, കാടിനെയും പരിസ്ഥിതിയെയും കാത്തുസൂക്ഷിച്ചുള്ള ഒരു ജനകീയ ടൂറിസം വേണം. അപകടസാധ്യതകൾ ഒഴിവാക്കാൻ അധികൃതർ നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ പാലിച്ച് വേണം മലയോരത്തിന്റ മനോഹാരിത ആസ്വദിക്കേണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home