Deshabhimani

വോട്ടവകാശം സംരക്ഷിക്കാൻ 
സംയുക്ത സമരം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2026, 11:14 PM | 1 min read

തിരുവനന്തപുരം

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും എസ്ഐആർ വഴി വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ട പൗരന്മാരുടെ വോട്ടവകാശം ഉടൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്‌ ശനിയാഴ്‌ച സിഐടിയു, എഐകെഎസ്‌, എഐഎഡബ്ല്യുയു സംഘടനകൾ സംയുക്ത സമരം നടത്തും. എസ്‌ഐആർ നിയമവിരുദ്ധമായി നടപ്പാക്കുകയും രാജ്യത്തുടനീളമുള്ള 13.8 കോടി വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കുകയും ചെയ്ത ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണം. വോട്ടവകാശം നഷ്‌ടപ്പെട്ടവരിൽ വലിയൊരു വിഭാഗം പാവപ്പെട്ട തൊഴിലാളികളും ന്യൂനപക്ഷങ്ങളും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവരുമാണ്. ബിജെപിയുടെ നിർദേശപ്രകാരമാണ് വോട്ടവകാശ നിഷേധം നടന്നത്. യോഗ്യരായ എല്ലാ പൗരന്മാരും സുരക്ഷിതമായും സ്വതന്ത്രമായും വോട്ടവകാശം വിനിയോഗിക്കുന്നെന്ന് ഉറപ്പാക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം സർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനുമുണ്ട്. വോട്ട് ചെയ്യാനുള്ള യോഗ്യത തെളിയിക്കേണ്ട ഉത്തരവാദിത്വം പൗരന്മാരുടെ മേൽചുമത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. ശനിയാഴ്‌ച പാളയം, ചാല, വഞ്ചിയൂർ, പേരൂർക്കട ഏരിയയിലെ പ്രവർത്തകർ രാവിലെ 10ന്‌ പാളയം രക്തസാക്ഷി മണ്ഡപത്തിന്‌ മുന്നിൽ ഒത്തുചേർന്ന് പുളിമൂട് വരെയും, മറ്റ് ഏരിയയിലും വില്ലേജ് കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ പന്തം കൊളുത്തി പ്രകടനവും ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കലും നടത്തണമെന്നും സംയുക്ത സമരസമിതി നേതാക്കളായ ആർ രാമു, വി എസ് പത്മകുമാർ, കെ ശശാങ്കൻ എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home