Deshabhimani

മീനച്ചിലാറ്റിലെ മണലൂറ്റിനെതിരെ ജനകീയ പ്രതിഷേധം

meenachil

മീനച്ചിലാറ്റിൽ അനധികൃതമായി മണൽ വാരുന്നു

വെബ് ഡെസ്ക്

Published on Oct 10, 2026, 12:17 AM | 1 min read

കിടങ്ങൂർ

ചെളിയും എക്കലും വാരാമെന്ന ജലസേചന വകുപ്പിന്റെ ഉത്തരവിന്റെ മറവിൽ ​മീനച്ചിലാറ്റിൽ മണൽ മാത്രം ഊറ്റിയെടുക്കുന്നതിനെതിരെ കിടങ്ങൂരിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പാലത്തിന് സമീപത്തുനിന്ന് മണൽ വാരുന്നത് പാലത്തിനും സംരക്ഷണ ഭിത്തികൾക്കും ബലക്ഷയമുണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു. വാട്ടർ അതോറിറ്റിയുടെ കുമ്മണ്ണൂർ ഭാഗത്തുള്ള കിണറും സമീപവാസികളുടെ പുരയിടങ്ങളും ആറ്റിലേക്ക് ഇടിഞ്ഞു വീഴുന്ന സ്ഥിതിയിലാണ്. വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കാനെന്ന പേരിൽ മൺതുരുത്തുകൾ നീക്കം ചെയ്യുന്നതിന്റെ മറവിൽ സ്വകാര്യ ലോബികൾക്ക് ഒത്താശ ചെയ്യുന്നതിനെതിരെ മീനച്ചിലാർ സംരക്ഷണ സമിതി രൂപീകരിച്ചു. ജീഷ്ണ കെ ബിനീജ്, ജിൽസി ജോസഫ്, കെ എസ് ജയൻ, വി സി ചന്ദ്രാജി, പി സി ദേവദാസ്, ബിന്ദു രമേഷ്, സുരേന്ദ്രൻ, സതീശൻ, ഹരികുമാർ മറ്റക്കാട്, കെ എൻ ഷാജി കാക്കനാട്ട്, സുരേഷ് മനത്തോട്ടം, ഭാസ്കരൻ നായർ കൈപ്പടയിൽ, വിനോദ് ബി കരപ്പാറ്റിയേൽ, മണിപള്ളിപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുന്നത്. സംരക്ഷണ സമിതി വെള്ളിയാഴ്ച കടുത്തുരുത്തി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് സന്ദർശിച്ചു. പാലത്തിൽ നിന്ന് 150 മീറ്ററും ഇരുകരകളിൽ നിന്ന് 15 മീറ്ററും മാറിയുള്ള തുരുത്തുകളിലെ മണ്ണും ചെളിയും എക്കലും മണലും ഒരുമിച്ച് നീക്കം ചെയ്യണമെന്നാണ് ടെൻഡർ വ്യവസ്ഥ. എന്നാൽ ലാഭം മാത്രം ലക്ഷ്യമിട്ട് മണ്ണും ചെളിയും വീണ്ടും ആറ്റിലേക്ക് ഒഴുക്കി മണൽ മാത്രം ഊറ്റിയെടുക്കുകയാണ്. ഇത് തെറ്റായ രീതിയാണെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി. വിഷയത്തിൽ ഇറിഗേഷൻ വകുപ്പും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കലക്ടർക്കും ഇറിഗേഷൻ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കും സമിതി നിവേദനം നൽകി. മന്ത്രി മോൻസ് ജോസഫിനും നിവേദനം നൽകാൻ സംരക്ഷണ സമിതി തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home