ദേശീയ തപാൽദിനം ഇന്ന്
വിക്ടോറിയൻ ഓർമകളുമായി ഫോർട്ട് കൊച്ചിയിലെ തപാൽപ്പെട്ടി

ഫോർട്ട് കൊച്ചി പോസ്റ്റ് ഓഫീസിനുമുന്നിലുള്ള പഴയ തപാൽപ്പെട്ടി
മട്ടാഞ്ചേരി
ബ്രിട്ടീഷ് ഭരണകാലത്തെ തപാൽസംവിധാനത്തിന്റെ ഓർമ നിറച്ച് ഫോർട്ട് കൊച്ചി പോസ്റ്റ് ഓഫീസിനുമുന്നിലെ പഴയ തപാൽപ്പെട്ടി. തപാൽപ്പെട്ടിയുടെ ഇരുവശങ്ങളിലായി ‘പോസ്റ്റ് ’, ‘ഓഫീസ് ’ എന്നീ വാക്കുകൾക്കിടയിൽ ബ്രിട്ടീഷ് രാജകീയ ചിഹ്നമായ സിംഹവും യൂണിക്കോണും ആലേഖനം ചെയ്തിട്ടുണ്ട്. ഇതിനു താഴെയായി വിക്ടോറിയൻ കാലത്തെ രാജകീയ ചിഹ്നങ്ങളിൽ കാണുന്ന ‘വി' ‘ആർ ’ എന്നീ അക്ഷരങ്ങൾ പരസ്പരം കോർത്തിണക്കിയ രൂപവും കാണാം. അലങ്കാരത്തോടുകൂടിയ മുകൾഭാഗവും സ്വർണനിറത്തിലുള്ള അരികുകളും തപാൽപ്പെട്ടിക്ക് രൂപഭംഗി നൽകുന്നു. നിലവിൽ ഉപയോഗശൂന്യമായ ഈ തപാൽപ്പെട്ടി പൂട്ടിയനിലയിലാണ്. പഴയ തപാൽസംവിധാനത്തിന്റെയും കൊച്ചിയുടെ ചരിത്രത്തിന്റെയും ഓർമപ്പെടുത്തലായി ഇത് നിലകൊള്ളുന്നു.
സെന്റ് ഫ്രാൻസിസ് ചർച്ചിന്റെ കിഴക്കേ അറ്റത്തിന് എതിർവശത്തായി റിഡ്‌സ്‌ഡേൽ റോഡിലുള്ള പോസ്റ്റ് ഓഫീസിന്റെ മുൻവശത്താണ് തപാൽപ്പെട്ടിയുള്ളത്. കൊച്ചി രാജഭരണ പ്രദേശത്ത് 1864-ഓടെയാണ് തപാൽ സേവനം ആരംഭിച്ചത്. അന്ന് ‘അഞ്ചൽ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫോർട്ട് കൊച്ചിയിലെ നിലവിലെ പോസ്റ്റ് ഓഫീസ് 1928 മേയിലാണ് നിർമിച്ചത്. 1956-ൽ സംസ്ഥാന പുനഃസംഘടനയെത്തുടർന്ന് കേരളം രൂപീകൃതമായതോടെ ഇവിടത്തെ തപാൽസംവിധാനവും ഇന്ത്യൻ തപാൽ ശൃംഖലയുടെ ഭാഗമായി. പച്ചയും സ്വർണനിറവുമുള്ള തപാൽപ്പെട്ടി കാലത്തിന്റെ ശേഷിപ്പായി നഗരത്തിന്റെ പൈതൃകക്കാഴ്ചകളിൽ ഇടംപിടിക്കുന്നു.









0 comments