അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അമിതവേഗത്തിലെത്തിയ ബസ് ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറി

നഗരത്തിൽ ചന്തക്കവല ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ബസ്

സ്വന്തം ലേഖകൻ
Published on Oct 10, 2026, 01:49 AM | 1 min read
കോട്ടയം
കോട്ടയം ചന്തക്കവലയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. വെള്ളി വൈകിട്ട് ഏഴിനാണ് അപകടം. ചങ്ങനാശേരിയിൽനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ‘തണ്ടപ്ര' ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് കാത്തുനിന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഹോമിയോ കോളേജിനുസമീപം താമസിക്കുന്ന അഞ്‌ജലി (19) മറിയപ്പള്ളി സ്വദേശിനി ജയ (52), ഇത്തിത്താനം സ്വദേശിനി ശ്രീകുമാരി, മലകുന്നം സ്വദേശി എ കെ സുനി, കൊല്ലാട് സ്വദേശിനി അജിമോൾ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ അഞ്ജലിയുടെ പരിക്ക് ഗുരുതരമാണ്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഞ്ജലി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഇതേ ബസിനായി കാത്തുനിൽക്കുകയായിരുന്നു. അഞ്ജലിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കനത്ത മഴയും രൂക്ഷമായ ഗതാഗതക്കുരുക്കുമുള്ള സമയത്താണ് അമിതവേഗതയിലെത്തിയ ബസ് ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറിയത്. ഫുട്‌പാത്തിലെ ബാരിക്കേഡും സമീപത്തെ വൈദ്യുത പോസ്റ്റും തകർത്ത് ബസ് തൊട്ടടുത്ത കടയിലേക്കും ഇടിച്ചു കയറി. അപകടത്തെ തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കൊലയാളി ബസ്....
കോട്ടയം
"തണ്ടപ്ര' സ്വകാര്യ ബസിന് നാട്ടുകാർ നൽകിയ പേരാണ് കൊലയാളി ബസ്. ആളുകളുടെ ജീവൻ അപകടത്തിൽപ്പെടുത്തുന്ന തരത്തിലാണ് ബസിന്റെ മരണപ്പാച്ചിൽ. നഗരത്തിലാണേലും ഇവരുടെ അമിതവേഗതയ്‌ക്ക് നിയന്ത്രണമില്ല. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അമിതവേഗതയിൽ ചീറിപ്പായുന്ന ബസ് നിരവധി അപകടങ്ങളാണ് ഉണ്ടാക്കുന്നത്. ചെറുപ്പക്കാരാണ് ബസ് ഓടിക്കുന്നത്. ബസിന്റെ അമിതവേഗത യാത്രക്കാർ ചോദ്യംചെയ്‌താൽ ചീത്തവിളിയും ഭീഷണിപ്പെടുത്തലുമാണ് മറുപടി. പലപ്പോഴും ബസുകാർ തമ്മിലുള്ള സംഘർഷത്തിലും കേൾക്കുന്ന സ്ഥിരം പേരിൽ ഒന്നാണ് "തണ്ടപ്ര' ബസ്. കോട്ടയം നാഗമ്പടം സ്‌റ്റാൻഡിൽ നിന്നും ചങ്ങനാശേരിയിലേക്ക് പുറപ്പെട്ടതാണ് ബസ്. കനത്ത മഴയുള്ള സമയത്ത് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷി പരുത്തുംപാറ സ്വദേശി മനു പറഞ്ഞു. ഇയാൾ പരുത്തുംപാറയ്‌ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു. "തണ്ടപ്ര'യ്‌ക്ക് പുറകെയാണ് മനുവിന്റെ ബസ് വരേണ്ടത്.









0 comments