print edition നവി പിളള; നീതിയുടെ ലോകശബ്ദം

ഡർബൻ : വർണ്ണവിവേചന വിരുദ്ധ പ്രവർത്തകരെ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിനും ജീവിതം മാറ്റിവെച്ച ലോകവനിതയാണ് സമാധാന നൊബേൽ ലഭിച്ച നവി പിളള. സമാനതകളില്ലാത്ത ഇൗ പരിശ്രമങ്ങൾ മുൻനിർത്തിയാണ് 2026-ലെ സമാധ നൊബേൽ അവരെതേടി എത്തിയത്. ഈ അംഗീകാരം ലോകമെമ്പാടും നീതിക്കായി പോരാടുന്നവർക്ക് പുതിയ ഊർജ്ജം പകരുന്നതാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്നത്തെ മദ്രാസ് പ്രസിഡൻസിയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ കരിമ്പിന്‍ തോട്ടങ്ങളിലേക്ക് കൂലിപ്പണിക്ക് കപ്പൽ കയറിയ തമിഴ് വംശജരുടെ പിന്മുറക്കാരിയാണ് സമാധാന നൊബേല്‍ നേടി ഇപ്പോള്‍ ഇന്ത്യയ്ക്ക് അഭിമാനമായത്. കുടുംബം പുലർത്താൻ ഒന്നിലധികം ജോലികൾ ചെയ്തിരുന്ന ബസ് ഡ്രൈവറായിരുന്നു നവി പിള്ളയുടെ പിതാവ്. മാതാവ് എട്ട് മക്കളെ നോക്കിനടത്തി. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നിട്ടും, അവരുടെ മാതാപിതാക്കൾ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുകയും ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികളും പഠിക്കണമെന്ന് നിർബന്ധം പുലര്‍ത്തുകയും ചെയ്തു.
നടാൽ സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ നവി പിള്ള, പിന്നീട് ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. 1967-ൽ ദക്ഷിണാഫ്രിക്കയിലെ നടാൽ പ്രവിശ്യയിൽ പ്രാക്ടീസ് ചെയ്യുന്ന ആദ്യത്തെ വെള്ളക്കാരി അല്ലാത്ത അഭിഭാഷകയായി. വർണ്ണവിവേചന വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായ നിയമ പോരാട്ടത്തിനും രാഷ്ട്രീയ തടവുകാരുടെ അവസ്ഥ ലോകശ്രദ്ധയിൽ കൊണ്ടുവരാനും അവർ പതിറ്റാണ്ടുകൾ മാറ്റിവെച്ചു.
ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ സമത്വം ഉറപ്പാക്കാനുള്ള ശ്രമങ്ങളിലും പങ്കാളിയായി. വിവേചനം നിരോധിക്കുന്ന വ്യവസ്ഥ ഭരണഘടനയിൽ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1992-ൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന "ഈക്വാലിറ്റി നൗ' എന്ന അന്താരാഷ്ട്ര വനിതാ അവകാശ സംഘടനയുടെ സഹസ്ഥാപകയായി.
അന്താരാഷ്ട്ര നീതിന്യായ രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചു. റുവാണ്ടൻ അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണലിലെ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
1994-ലെ റുവാണ്ടൻ കൂട്ടക്കൊലയിൽ വംശഹത്യയ്ക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കും കുറ്റക്കാരനാക്കപ്പെട്ട മുൻ മേയർ ജീൻ-പോൾ അകായേസുവിനെതിരെയുള്ള ചരിത്രപ്രധാനമായ കേസിൽ വിധി പറഞ്ഞ ജഡ്‌ജിമാരിൽ ഒരാളാണ്. ബലാത്സംഗവും ലൈംഗിക അതിക്രമങ്ങളും വംശഹത്യയുടെ ഭാഗമായി കണക്കാക്കാവുന്നതാണെന്നും അത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നുമായിരുന്നു വിധി. 2008 മുതൽ 2014 വരെ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി. മ്യാൻമർ വംശഹത്യ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്‌ജിയായും കിഴക്കൻ പലസ്തീൻ പ്രദേശങ്ങളിലെയും ഇസ്രയേലിലെയും അന്വേഷണത്തിനായി രൂപീകരിച്ച സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷയായും പ്രവർത്തിച്ചു. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നങ്ങളും അവര്‍ ലോകവേദികളില്‍ എത്തിച്ചു.
ഗാസയ്ക്കവേണ്ടി ശബ്ദിച്ചു
പലസ്തീനിലെ പ്രതിസന്ധി വിലയിരുത്തിയ യുഎന്നിന്റെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ നവി പിള്ള ഗാസയുടെ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തി. ഗാസയിൽ പലസ്‌തീൻകാർക്കുനേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ വംശഹത്യ ലക്ഷ്യമിട്ടാണെന്നാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കി. ലോകവേദിയില്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും മുഖംമൂടി വലിച്ചുകീറുന്ന ഇടപെടലായിരുന്നു അത്.
ഗാസയില്‍ വംശഹത്യ തുടരുന്ന ഇസ്രയേലിന് ഇന്ത്യ ആയുധം വിൽക്കുന്നതായോ എത്തിച്ചുനല്‍കുന്നതോ അന്താരാഷ്‌ട്ര നീതിന്യായ കോടതി (ഐസിജെ) കണ്ടെത്തുന്നത് ലജ്ജാകരമായ സാഹചര്യം സൃഷ്‌ടിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല‍്കിയിരുന്നു.
Highlights: 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലെ കരിമ്പിന്‍ തോട്ടങ്ങളിലേക്ക് കൂലിപ്പണിക്ക് കപ്പൽ കയറിയ തമിഴ് വംശജരുടെ പിന്മുറക്കാരിയാണ് സമാധാന നൊബേല്‍ നേടി ഇപ്പോള്‍ ഇന്ത്യയ്ക്ക് അഭിമാനമായത്









0 comments