Deshabhimani

ഭിന്നശേഷി കുട്ടികളെയും പരിഗണിക്കാതെ

a
വെബ് ഡെസ്ക്

Published on Oct 10, 2026, 01:48 AM | 1 min read

സ്വന്തം ലേഖകൻ

കോഴിക്കോട്‌

ഭിന്നശേഷി കുട്ടികളെയും അവഗണിച്ച്‌ വിദ്യാഭ്യാസവകുപ്പ്‌. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളുടെ ജില്ലാ കലോത്സവം വേണ്ടത്ര സ‍ൗകര്യങ്ങളില്ലാത്ത കെട്ടിടത്തിൽ നടത്തിയതാണ്‌ കുട്ടികളെയും കൂട്ടിന്‌ വന്ന അധ്യാപകരെയും ബുദ്ധിമുട്ടിലാക്കിയത്‌. വെള്ളയിൽ തേർവീട്‌ റോഡിൽ ഹ്യൂമാനിറ്റി ലൈഫ്‌ കെയര്‍ ഹോമിലാണ്‌ ആദ്യദിനം കലോത്സവം നടത്തിയത്‌. മെയിൻ റോഡിൽനിന്ന്‌ ദൂരെയുള്ള കെട്ടിടത്തിലേക്ക്‌ വലിയ വാഹനങ്ങൾ കടക്കാത്തതിനാൽ കുട്ടികളെ റോഡരികിലിറക്കി വീൽചെയറിൽ തള്ളി അധ്യാപകർ കെട്ടിടത്തിലേക്ക്‌ എത്തിക്കുകയായിരുന്നു. വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സ‍ൗകര്യങ്ങളും പ്രത്യേകം ഒരുക്കിയിരുന്നില്ല. വേദിക്കരികിലേക്കുള്ള വഴി രണ്ടുപേർ ഒരുമിച്ച്‌ നടന്നുപോയാൽ എതിർദിശയിൽ വരുന്നവർ ബുദ്ധിമുട്ടിലാകും. ഇതുവഴി വീൽചെയർ സുഗമമായി കടക്കാത്തതിനാൽ മിക്ക അധ്യാപകരും കുട്ടികളെ എടുത്തും താങ്ങിപ്പിടിച്ചുമാണ്‌ വേദിയിലെത്തിച്ചത്‌. വേദി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലായിരുന്നു മത്സരങ്ങൾ. ഇവിടേക്ക്‌ പ്രവേശിക്കാൻ റാംപോ മറ്റു സ‍ൗകര്യങ്ങളോ ഇല്ലാത്തതും ബുദ്ധിമുട്ടിലാക്കി. ശുചിമുറികളുടെ അഭാവവും ദുരിതത്തിലാക്കി. മുൻ വർഷങ്ങളിൽ ഒരുദിവസം നടത്തിയിരുന്ന പരിപാടി ഇത്തവണ രണ്ട്‌ ദിവസങ്ങളിലായി രണ്ട്‌ വേദികളിലാണ്‌ നടത്തുന്നത്‌. വെള്ളിയാഴ്‌ച പല സ്‌കൂളുകളിലെയും കുട്ടികളും അധ്യാപകരും സ്‌കൂളിൽ തന്നെ താമസിക്കുകയാണ്‌ ചെയ്തത്‌. സർക്കാർ പ്രത്യേക ഫണ്ട്‌ അനുവദിക്കാത്തതിനാൽ പങ്കെടുക്കുന്ന ഓരോ സ്‌കൂളും നിശ്ചിത തുക അടയ്ക്കണം. കഴിഞ്ഞ വർഷം ഇത്തരത്തിൽ 2000 രൂപയാണ്‌ നൽകിയത്‌, എന്നാൽ ഇ‍ൗ തവണ 3000 രൂപയാണ്‌ ഓരോ സ്‌കൂളും പരിപാടി നടത്തിപ്പിനായി നൽകിയത്‌. വിദ്യാർഥികളെ പങ്കെടുപ്പിക്കാനോ മറ്റു ചെലവുകൾക്കോ വിദ്യാഭ്യാസ വകുപ്പ്‌ സ്‌കൂളുകൾക്ക്‌ സഹായങ്ങളൊന്നും നൽകുന്നുമില്ല. പ്രഭാത ഭക്ഷണം നൽകിയത്‌ മുഴുവൻ പേർക്കും തികഞ്ഞില്ലെന്നും അധ്യാപകർ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും ചേർന്നാണ്‌ കലോത്സവം നടത്തുന്നത്‌. ഓരോ വർഷവും ഓരോ സ്‌കൂളുകളാണ്‌ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന്‌ പരിപാടി നടത്തുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home