print edition അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന വിദ്യാര്‍ഥിവേട്ട


സ്വന്തം ലേഖകൻ
Published on Oct 10, 2026, 01:56 AM | 1 min read
ന്യൂഡൽഹി : ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരായ പ്രക്ഷോഭം അടിച്ചമർത്താൻ മോദിസർക്കാർ നടത്തുന്ന അസാധാരണ നടപടികൾ ഓർമിപ്പിക്കുന്നത് അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകൾ. ശനിയാഴ്‌ചത്തെ ജന്തർമന്തർ പ്രക്ഷോഭത്തിന് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ ഡൽഹിയിലെത്തുന്നത് തടയുകയാണ് കേന്ദ്രം.
ഇടതുപക്ഷ സംഘടനകളുടെയും സിജെപിയുടെയും
നേതാക്കളെ കൂട്ടത്തോടെ വീട്ടുതടങ്കലിലാക്കി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
1970കളിൽ ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ അഴിമതിക്കും വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കും എതിരെ ആഞ്ഞടിച്ച വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ ഭരണപരമായും രാഷ്ട്രീയപരമായും പ്രതിരോധത്തിലായതിനെ തുടർന്നാണ് ഇന്ദിരാഗാന്ധി 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സമാന രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളിലേക്കാണ് മോദിസർക്കാരും ബിജെപിയും രാജ്യത്തെ നയിക്കുന്നത്. അടിയന്തിരാവസ്ഥ നാളുകളിൽ ക്ലാസ്‌മുറികളിലും ഹോസ്‌റ്റലുകളിലും വീടുകളിലും ഇരച്ചുകയറി പൊലീസുകാർ വിദ്യാർഥികളെയും യുവജനങ്ങളെയും അറസ്‌റ്റ് ചെയ്‌തിരുന്നു. എസ്‌എഫ്‌ഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് തെരഞ്ഞുപിടിച്ച് അറസ്‌റ്റ് ചെയ്‌തിരുന്നു. ജനാധിപത്യപ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ ഇന്ദിരാഗാന്ധിയെ 1977ലെ തെരഞ്ഞെടുപ്പിൽ തൂത്തെറിഞ്ഞുകൊണ്ടാണ് രാജ്യം മറുപടി നല്‍കിയത്.
മധ്യപ്രദേശിൽ 22 വിദ്യാർഥികൾ കസ്റ്റഡിയിൽ
ഭോപ്പാൽ : ജന്തർമന്തർ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര പുണെയിൽനിന്ന് പുറപ്പെട്ട 22 ഇടതുപക്ഷ വിദ്യാർഥി സംഘടനാ പ്രവർത്തകരെ മധ്യപ്രദേശ് പൊലീസും റെയിൽവേ പൊലീസും കസ്റ്റഡിയിലെടുത്തു. ഇറ്റാർസി റെയിൽവേ സ്റ്റേഷനിൽവച്ചാണ് വിദ്യാർഥികളെ തടഞ്ഞത്. ട്രാക്കിലൂടെ വിദ്യാർഥികളെ വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നു. ഭൂസാവൽ റെയിൽവേ സ്റ്റേഷനിൽവച്ചും അറസ്റ്റിനുള്ള ശ്രമം നടന്നിരുന്നു.
കസ്റ്റഡിയിലെടുത്ത വിദ്യാർഥികൾ എവിടെയാണെന്നതിനെക്കുറിച്ച് വിവരമില്ല. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്കും പൊലീസ് ഇതുവരെ വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. കസ്റ്റഡിയിലുള്ള മുഴുവൻ വിദ്യാർഥികളുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്നും അവരെ അടിയന്തരമായി മോചിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ടിട്ടും വിവരം കൈമാറുന്നില്ലെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.









0 comments