print edition നൂറുദിനം തികയ്ക്കാൻ എൽഡിഎഫ് പദ്ധതികളും; പൊതുമരാമത്തിന്റെ തട്ടിപ്പ്

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടിൽ സംസ്ഥാനത്തെ നിർമാണമേഖല സ്‌തംഭിച്ചപ്പോൾ വ്യാജ കണക്കുകൾ നിരത്തി മുഖംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം. സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ പൊതുമരാമത്ത് വകുപ്പ് 99 ശതമാനം ഭൗതികപുരോഗതി കൈവരിച്ചെന്നാണ് അവകാശവാദം.
എൽഡിഎഫ് ഭരണകാലത്ത് ആരംഭിച്ച് പൂർത്തിയാക്കിയ പദ്ധതികളും മുൻ ബജറ്റ് വിഹിതങ്ങളും സ്വന്തം അക്കൗണ്ടിലാക്കി ക്രെഡിറ്റ് തട്ടിയെടുത്താണ് യുഡിഎഫ് സർക്കാർ തട്ടിപ്പ്. 30 പദ്ധതികളിൽ 29 എണ്ണവും 100 ശതമാനം പൂർത്തിയായെന്നാണ് അവകാശവാദം. നിർമാണം ആരംഭിക്കുകപോലും ചെയ്യാത്ത റോഡുപണികൾ 100 ശതമാനം ഭൗതികപുരോഗതി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 61.79 കോടിരൂപ അടങ്കൽ വരുന്ന ഏഴ് പ്രധാന റോഡ് പ്രവൃത്തികളിൽ കരാറുകാർക്ക് ഒരു രൂപപോലും നൽകാതെ 100 ശതമാനം ഭൗതിക പുരോഗതി രേഖപ്പെടുത്തി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2024–25 ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 7.02 കോടി രൂപ അനുവദിച്ച പത്തനാട്–കുളത്തൂർ റോഡ് ബിഎം ആൻഡ് ബിസി നവീകരണ പ്രവൃത്തി പൂർത്തിയായപ്പോൾ അതും യുഡിഎഫിന്റെ 100 ദിന നേട്ടമാക്കി. 2014– -15 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ കടുത്തുരുത്തി ബൈപാസ് റോഡ് നിർമാണവും സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ നേട്ടമായി പോർട്ടലിലുണ്ട്.
നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവും വിലക്കയറ്റവും കാരണം റോഡുപണികൾ പാതിവഴിയിൽ നിലയ്‌ക്കുകയും ശബരിമല തീർഥാടനപാതകൾ തകർന്നും കിടക്കുമ്പോഴാണ് തട്ടിക്കൂട്ട് കടലാസ് കണക്കുകൾ നിരത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ ശ്രമം. മലയോര, തീരദേശ ഹൈവേകളും റെയിൽവേ മേൽപ്പാലവും ഉൾപ്പെടെയുള്ള വൻകിട പദ്ധതികളുടെയെല്ലാം നിർമാണം നിലച്ചു.









0 comments