print edition വീണ്ടും സതീശന്റെ കള്ളം; എസ്‌ഐആറിൽ വേറാരും പരാതി നൽകിയില്ലെന്ന്

തിരുവനന്തപുരം : എസ്‌ഐആറുമായി ബന്ധപ്പെട്ട് കേരളത്തിൽ കോൺഗ്രസ് മാത്രമേ പരാതി ഉയർത്തിയുള്ളൂവെന്ന് കള്ളംപറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ബിജെപി പ്രചാരണത്തെ സഹായിക്കുന്ന വാദമുയർത്തിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപട്ടിക പുനഃപരിശോധന നടപടികൾ ദുരൂഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചീഫ് ഇലക്‌ടറൽ ഓഫീസറായിരുന്ന രത്തൻ യു കേൽക്കർക്ക് കത്ത് നൽകിയിരുന്നു. എസ്‌ഐആറിന് ശേഷം ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച പട്ടികയിൽ അർഹതപ്പെട്ട പലർക്കും വോട്ട് നിഷേധിക്കുകയും അനർഹർ ഉൾപ്പെടുകയും ചെയ്‌തതായി കാണിച്ചും സിപിഐ എം, ചീഫ് ഇലക്ടറൽ ഓഫീസർക്കും കലക്ടർമാർക്കും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കും പരാതി നൽകി. അന്ന് പരാതി പരിശോധിക്കാനോ പരിഹരിക്കാനോ കമീഷൻ തയ്യാറായിരുന്നില്ല.
വളഞ്ഞ വഴിയിലൂടെ പൗരത്വ രജിസ്റ്റർ തയ്യാറാക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമായി നടപ്പാക്കിയതാണ് എസ്ഐആർ. അതുകൊണ്ടാണ് പല സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരെ നീക്കിയത്. ഇതിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ ഹർജി നൽകുകയുംചെയ്തു. എസ്‌ഐആറുമായി ബന്ധപ്പെട്ട് നടന്ന രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ എല്ലാ യോഗത്തിലും സിപിഐ എം ആശങ്ക അറിയിച്ചിരുന്നു. വസ്‌തുത ഇതായിരിക്കെ എസ്‌ഐആർ സംബന്ധിച്ച് പരാതികളില്ലായിരുന്നു എന്ന ബിജെപി പ്രചാരണത്തിനൊപ്പമാണ് മുഖ്യമന്ത്രിയും.
എസ്‌ഐആറിന് ശേഷമുള്ള തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, ഖാർഗെ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു സതീശന്റെ വിചിത്ര മറുപടി.









0 comments