ചരിത്രമേറിയ ആ തോണി യാത്ര തേജസ്വിനിക്ക് ഇന്നും പുളകച്ചാർത്ത്

കാസർകോട് തേജസ്വനിയുടെ ഓളപ്പരിപ്പിലൂടെ ആ തോണി പതുക്കെ കയ്യൂരിന്റെ മണ്ണിലേക്ക് നീങ്ങുകയാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴുമരം കാത്ത് കഴിയുന്ന കയ്യൂർ സഖാക്കളെ കണ്ട ശേഷം ജന്മനാടിനെയും ഉറ്റവരെയും ആശ്വസിപ്പിക്കാനാണ് തോണിയേറി അവർ വരുന്നത്. അഭിവക്ത കമ്യൂണിസ്‌റ്റ് പാർടിയുടെ അന്നത്തെ ജനറൽ സെക്രട്ടറി പി സി ജോഷി, പി സുന്ദരയ്യ, പി കൃഷ്‌ണപിള്ള എന്നിവരാണ് തോണിയിലുള്ളത്. ഒപ്പം കെ മാധവൻ, വി വി കുഞ്ഞന്പു, കന്നഡ സാഹിത്യകാരൻ നിരഞ്‌ജന, സൗത്ത് കാനറ പാർടി സെക്രട്ടറി ശാന്താറാം പൈ, പി സി കാർത്യായനിക്കുട്ടിയമ്മ തുടങ്ങിയവരും. 1943 മാർച്ച് 29നാണ് മഠത്തിൽ അപ്പു, പൊടോര കുഞ്ഞമ്പുനായർ, കോയിത്താറ്റിൽ ചിരുകണ്ടൻ, പള്ളിക്കാൽ അബൂബക്കർ എന്നീ കയ്യൂരിന്റെ രണധീരരെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റുന്നത്. അതിനു തൊട്ടുമുന്പ് ജയിലിൽ അവരെ കാണാനെത്തിയ അനുഭവം പി കൃഷ്‌ണപിള്ള വിവരിക്കുന്നത് ഇങ്ങനെ: ‘‘പന്ത്രണ്ട് മണിക്ക് സെൻട്രൽ ജയിലിൽചെന്ന് ജോഷി കയ്യൂർ സഖാക്കളെ കണ്ടു. ജോഷിയെ ഞാൻ അവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അവർ തങ്ങളുടെ നേതാവിനെ അഭിവാദ്യംചെയ്‌തു. അതിനുശേഷം ഇന്ത്യയുടെ നാനാഭാഗത്തുനിന്നും അവർക്ക് പാർടി ഘടകങ്ങളും വ്യക്തികളും അയച്ച കത്തുകൾ അവരെ വായിച്ചുകേൾപ്പിച്ചു. ജോഷി ചുരുക്കം വാക്കുകളിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മർദിതരുടെ അവകാശങ്ങൾക്കും വേണ്ടി ജീവത്യാഗം ചെയ്യുന്ന അവർക്ക് പാർടിയുടെ അഭിനന്ദനം അറിയിച്ചു. അവരെപ്പോലുള്ള ധീര യോദ്ധാക്കളെ കിട്ടിയതിൽ കമ്യൂണിസ്‌റ്റ് പാർടി അഭിമാനം കൊള്ളുന്നതായി പറഞ്ഞു. സംസാരിക്കുന്പോൾ അദ്ദേഹത്തിന്റെ തൊണ്ടയിടറി. കണ്ണീർ പുറത്തേക്ക് ചാടി. കയ്യൂർ സഖാക്കൾ ഓരോരുത്തരും തങ്ങൾ മരിക്കാൻ തയ്യാറാണെന്നും നാടിനുവേണ്ടി മരിക്കുന്നതിൽ തങ്ങൾ അഭിമാനം കൊള്ളുന്നുവെന്നും തങ്ങൾ മരിച്ചാലും പാർടി അവസാനം വരെ ഇൗ സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞു. അതിനുശേഷം ഞങ്ങളെല്ലാവരും ജയിലറുടെ സമ്മതപ്രകാരം സഖാക്കളുടെ കൈപിടിച്ചു. പിന്നീട് മുഷ്‌ടി ചുരുട്ടി അവസാനത്തെ അഭിവാദ്യംചെയ്‌ത ശേഷം മടങ്ങി’’. കണ്ണൂർ സെൻട്രൽ ജയിലിലെ വൈകാരികമായ ഇൗ കൂടിക്കാഴ്ചക്കുശേഷമാണ് പി സി ജോഷിയും പി സുന്ദരയ്യയും പി കൃഷ്‌ണപിള്ളയും മറ്റ് നേതാക്കളും കയ്യൂർ സഖാക്കളുടെ കുടുംബാംഗങ്ങളെ കാണാൻ പുറപ്പെട്ടത്. ആ വിവരം കൃഷ്‌ണപിള്ള തന്നെ പറയുന്നു: മെയിൽ വണ്ടിക്ക് ഞങ്ങൾ കയ്യൂരിലേക്ക് പോയി. എല്ലാ സ്‌റ്റേഷനിലും ജോഷിയെ കാത്ത് ജനങ്ങൾ നിന്നിരുന്നു. സ്വീകരണത്തിനുശേഷം തോണി വഴി കയ്യൂരിലെത്തി’’ കയ്യൂരിലും പാലായിയിലും ഉൗഷ്‌മളമായ വരവേൽപ്പാണ് നേതാക്കൾക്ക് ലഭിച്ചത്. ബ്രിട്ടീഷ് കമ്യൂണിസ്‌റ്റ് പാർടി ശേഖരിച്ച രണ്ടായിരം രൂപ കയ്യൂർ രക്തസാക്ഷികളുടെ കുടുംബത്തിന് സഹായമായി കൈമാറാൻ അയച്ചിരുന്നു. ആ തുക സന്ദർശന സമയത്ത് നേതാക്കൾ കുടുംബങ്ങൾക്ക് കൈമാറി.







0 comments