മുട്ടുമടക്കി കേന്ദ്ര സർവകലാശാല അധികൃതർ പ്രതിഷേധമിരമ്പി, അകത്തും പുറത്തും

കാസർകോട് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ച് വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും സംഘപരിവാർ അനുകൂലിയായ പ്രോക്ടർ പി ശ്രീകുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കേരള കേന്ദ്ര സർവകലാശാലയുടെ അകത്തും പുറത്തും വെള്ളിയാഴ്‌ച പ്രതിഷേധമിരമ്പി. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സർവകലാശാലമാർച്ച് പ്രവേശന കവാടത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞപ്പോൾ കാമ്പസിനകത്ത് ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാർഥികൾ അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക് ഉപരോധിച്ചു. കാമ്പസിനകത്ത് രാപകൽസമരമാണ് പ്രഖ്യാപിച്ചത്. വ്യാഴാഴ്‌ച തുടങ്ങിയ സമരം വെള്ളി രാവിലെ ശക്തിപ്പെട്ടു. ആർഎസ്‌എസ് അനുകൂല സെമിനാറിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അച്ചടക്കം ലംഘിച്ചു എന്നപേരിൽ ഏകപക്ഷീയമായാണ് സർവകലാശാല പ്രോക്ടറും സംഘപരിവാറുകാരനുമായ പി ശ്രീകുമാർ പ്രതികാര നടപടിയെടുത്തത്. എക്‌സിക്യൂട്ടീവ് കൗൺസിൽ കൂടുകപോലുമുണ്ടായില്ല. പ്രോക്‌ടറുടേത് ഏകാധിപത്യനിലപാടാണെന്ന് വിദ്യാർഥികൾ പറഞ്ഞു. പി ശ്രീകുമാർ പ്രോക്‌ടർ സ്ഥാനം രാജിവയ്‌ക്കുന്നതുവരെ സമരം തുടരുമെന്നും പ്രഖ്യാപിച്ചു. വിസിയും രജിസ്‌ട്രാറും വിദ്യാർഥിക്ഷേമ വിഭാഗം മേധാവിയും ഇല്ലാതിരുന്ന ദിവസമാണ് പ്രോക്‌ടർ സ്വന്തം ഇഷ്‌ടപ്രകാരം വിദ്യാർഥികളെ പുറത്താക്കിയത്. സസ്‌പെൻഷൻ അനാവശ്യ നടപടിയാണെന്നും മാപ്പുപറഞ്ഞും മിണ്ടാതിരുന്നും സമരത്തിൽനിന്ന് പിന്മാറില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. പ്രക്ഷോഭത്തെ പിന്തിരിപ്പിക്കാൻ അസി. രജിസ്‌ട്രാർ കാമ്പസിനകത്ത് വിദ്യാർഥിപ്രതിനിധികളുമായി മാരത്തോൺ ചർച്ച നടത്തി. ഒടുവിൽ പ്രോക്ടറെ ഒഴിവാക്കി അന്വേഷകസമിതി രൂപീകരിക്കാമെന്ന് ഉറപ്പുനൽകേണ്ടിവന്നു. തിങ്കളാഴ്‌ച വൈസ് ചാൻസലർ കൂടിക്കാഴ്‌ചയ്‌ക്ക് സമയം നൽകാമെന്നും വഴങ്ങി. പ്രതികാര നടപടി അംഗീകരിക്കില്ല, പ്രോക്ടർ പി ശ്രീകുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കണം എന്നീ ആവശ്യങ്ങളിൽ വിദ്യാർഥികൾ ഉറച്ചുനിൽക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്‌ച തുടർസമരം പ്രഖ്യാപിക്കുമെന്ന് എസ്‌എഫ്‌ഐ ഭാരവാഹികൾ അറിയിച്ചു.







0 comments