പട്ടിണിക്കാലത്ത് അതാ ഓർമകളുടെ മാർച്ച്

കണ്ണൂർ കമ്യൂണിസ്‌റ്റ് പാർടിയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിച്ചേർത്ത മഹത്തായ പോരാട്ടങ്ങളിലൊന്നായിരുന്നു എ കെ ജിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണിജാഥ. 1936 ജൂലൈ ഒന്നിന് കണ്ണൂരിൽനിന്ന് ആരംഭിച്ച ജാഥ ആഗസ്‌ത് 28ന് ചെന്നൈയിൽ സമാപിച്ചു. 36 അംഗങ്ങളാണ് ജാഥയിൽ ഉണ്ടായിരുന്നത്. രണ്ടുമാസം നീണ്ട കാൽനട മാർച്ചിൽ ജില്ലയിൽ കണ്ണൂർ, തലശേരി എന്നിവടങ്ങളിൽ സ്വീകരണം നൽകി, അഴിയൂരിലേക്ക് യാത്രയാക്കി. ജൂലൈ ഒന്നുമുതൽ 17 വരെ കേരളത്തിലൂടെ സഞ്ചരിച്ച ജാഥ 18ന് കോയന്പത്തൂരിലെത്തി. പട്ടിണിയും ദാരിദ്ര്യവും നടമാടുന്ന കാലത്ത് അതില്‍നിന്നുള്ള മോചനത്തിന്റെ സന്ദേശമാണ് ജാഥയിലൂടെ മുഴക്കിയത്. "പട്ടിണിയായ് പട്ടിണിയായ്/ മുറുമുറെ പട്ടിണിയായ്/ പട്ടണത്തിലുള്ളവരും ഉള്‍നാട്ടുകാരും... ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ആ പാട്ട് അലയടിച്ചു. ജനങ്ങളത് ഏറ്റുപാടി. വളരെയേറെ പ്രയാസങ്ങള്‍ സഹിച്ചാണ് ജാഥ മുന്നോട്ടുനീങ്ങിയത്. 750 നാഴിക നടന്നാണ് അവര്‍ ചെന്നൈയിലെത്തിയത് (അന്നത്തെ മദിരാശി). അതിനിടയ്‌ക്ക് 500 പൊതുയോഗങ്ങള്‍ നടത്തി. രണ്ടുലക്ഷം ആളുകളോട് എ കെ ജി നേരിട്ട് സംവദിച്ചു. 25,000 ലഘുലേഖകള്‍ വിറ്റു. ചില്ലറതുട്ടുകളായി 500 രൂപ പിരിച്ചെടുത്തു. ഈ ജാഥയിലെ അനുഭവം എല്ലാ താലൂക്കുകളിലും ചെറിയ ജാഥകള്‍ നടത്താനുള്ള ആവേശമുണ്ടാക്കി. പട്ടിണിക്കും തൊഴിലില്ലായ്‌മയ്‌ക്കുമെതിരായി ഈ ജാഥകളിലൂടെ ഉയര്‍ത്തിയ ശക്തമായ പ്രചാരണം സാമാന്യജനങ്ങളെ വളരെയധികം സ്വാധീനിച്ചു. എ കെ ജി (ക്യാപ്‌റ്റൻ), ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ തലശേരി, കെ പി ആർ ഗോപാലൻ, കെ ഗോപാലൻ കണ്ണൂർ, പി എം ഗോപാലൻ പറശ്ശിനിക്കടവ്, എ ഭരതൻ കണ്ണൂർ, കെ വി അനന്തൻ കണ്ണൂർ, കെ എം കുഞ്ഞിക്കണ്ണൻ നന്പ്യാർ തളിപ്പറന്പ്, എം കുഞ്ഞിരാമൻ നന്പ്യാർ ചിറക്കൽ, കെ കൃഷ്‌ണൻ നായർ പിണറായി, കെ കുഞ്ഞിക്കണ്ണൻ തലശേരി, ടി കെ രാജു കൂത്തുപറന്പ്, കെ എൽ ചാത്തുക്കുട്ടി കതിരൂർ, വടവതി കൃഷ്‌ണൻ കൂത്തുപറന്പ്, ജെ അലക്‌സാണ്ടർ കൂത്തുപറന്പ്, രാമുണ്ണി കൂത്തുപറന്പ്, കെ കെ കുഞ്ഞിക്കണ്ണൻ മാഹി, കുഞ്ഞിരാമൻ കൂത്തുപറന്പ്, ടി സി ഗോവിന്ദൻ ചൊവ്വ, കുഞ്ഞിക്കണ്ണൻ കൂത്തുപറന്പ് എന്നിവരായിരുന്നു ജില്ലയിൽനിന്നുള്ള പട്ടിണിജാഥ വളന്റിയർമാർ.







0 comments