print edition പിഎം ശ്രീയിൽ പിന്മാറില്ല; ലീഗിനെ തള്ളി മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
Published on Oct 10, 2026, 02:24 AM | 1 min read
തിരുവനന്തപുരം : പിഎം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന മുസ്ലിംലീഗ് നേതൃത്വത്തിന്റെ നിർദേശം തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പദ്ധതിയിൽനിന്ന് പിന്മാറാനാകില്ലെന്നും കരിക്കുലവും പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകൾ ഏതെന്നും സംസ്ഥാനം തീരുമാനിക്കുമെന്നുമാണ് ഒരു അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതിയിൽനിന്ന് പിന്മാറാമെന്ന് ധാരണപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കരിക്കുലവും സ്‌കൂളുകളും തെരഞ്ഞെടുക്കാനുള്ള അവകാശം നിലവിൽതന്നെ സംസ്ഥാനങ്ങൾക്കാണ്. ഇത് മറച്ചുവച്ച് ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നത് ഏത് വിധേനയും പദ്ധതി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
അധികാരത്തിലെത്തിയയുടൻ പിഎം ശ്രീ നടപ്പാക്കുന്നതിനുള്ള നടപടികളുമായാണ് മുഖ്യമന്ത്രി മുന്നോട്ടുപോയത്. ലീഗും പച്ചക്കൊടി വീശി. അണികളിൽനിന്ന് ശക്തമായ വിമർശമുയർന്നതോടെ ചാടിക്കയറി നടപടി വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രിയോട് ലീഗ് നേതൃത്വം നിർദേശിക്കുകയായിരുന്നു. ഇത് പാടേ അവഗണിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കഴിഞ്ഞദിവസം 106 കോടി രൂപയുടെ എസ്എസ്‌കെ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. പിഎം ശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകാത്തതിനാല്‍ തടഞ്ഞുവച്ചിരുന്ന 1500 കോടിയുടെ കുടിശികയില്‍ നിന്നാണ് 106 കോടി അനുവദിച്ചത്. പദ്ധതിക്ക് അനുകൂലസമീപനം നിലവിലെ സർക്കാർ സ്വീകരിക്കുന്നതിനാലാണ് തുക അനുവദിച്ചതെന്നാണ് വിവരം. എസ്എസ്‌കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ കെ മോഹന്‍കുമാര്‍ ഡല്‍ഹിയിലെത്തി കേന്ദ്രധനകാര്യ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയതിനുപിന്നാലെയാണ് 106 കോടി അനുവദിച്ചത്.
പദ്ധതി നടപ്പിലാക്കുന്നതിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അനുകൂല സാഹചര്യം സൃഷ്‌ടിക്കാൻ അന്തിമയോഗം ചേരാതെ നീട്ടിക്കൊണ്ടുപോകുകയാണ്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ കരടും നടപ്പാക്കുന്ന സ്‌കൂളുകളുടെ പട്ടികയും തയ്യാറായി.









0 comments