ആരെങ്കിലും കണ്ടോ ആ പദ്ധതി ?


സ്വന്തം ലേഖകൻ
Published on Oct 10, 2026, 01:41 AM | 1 min read
കോട്ടയം
നൂറുദിന കർമപദ്ധതിയിൽ പ്രഖ്യാപിച്ച പദ്ധതികളിൽ ഭൂരിഭാഗവും നടപ്പാക്കിയെന്നാണ് യുഡിഎഫ് സർക്കാരിന്റെ വാദം. പക്ഷേ നാട്ടിലെങ്ങും പുതിയ പദ്ധതിയൊന്നും കാണാനില്ല. സർക്കാരിന്റെ അവകാശവാദം കേട്ട നാട്ടുകാരും പരസ്‌പരം ചോദിക്കുന്നു – നിങ്ങളാരെങ്കിലും കണ്ടോ ആ പദ്ധതി? ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി സുപ്രധാന മേഖലകളിലടക്കം പ്രഖ്യാപിച്ചതെല്ലാം നൂറുദിവസംകൊണ്ട് പൂർത്തിയാക്കിയെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ, കഴിഞ്ഞസർക്കാർ തുടങ്ങിവച്ചത് മുന്നോട്ടുകൊണ്ടുപോകാൻ പോലും പുതിയ സർക്കാരിന് കഴിഞ്ഞിട്ടില്ല. പൂർത്തിയാകാത്തതും പാതിവഴിയിൽ നിൽക്കുന്നതുമെല്ലാം "100 ശതമാനം പൂർത്തിയായി' എന്നാണ് സർക്കാരിന്റെ വെബ്‌സൈറ്റിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജുകളിലെല്ലാം പുതിയ എംആർഐ സ്‌കാൻ പ്രഖ്യാപിച്ചെങ്കിലും കോട്ടയത്ത് കിട്ടിയിട്ടില്ല. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഇതിനായി തുടങ്ങിയ ഒരു പദ്ധതി പോലും കോട്ടയത്ത് കാണാനില്ലെങ്കിലും സർക്കാരിന്റെ വെബ്‌സൈറ്റിൽ ഇത് "100 ശതമാനം പൂർത്തിയായി'. പഴുക്കാനില കായൽ ശുചീകരണവും ആഴംകൂട്ടൽ പദ്ധതിയും നൂറുദിന കർമപരിപാടിയിൽ പ്രഖ്യാപിച്ചിരുന്നു. ഇത് ഒന്നുമായില്ലെങ്കിലും സർക്കാരിന്റെ കണക്കിൽ "67 ശതമാനം പൂർത്തിയായി' എന്ന് രേഖപ്പെടുത്തിയിരിക്കുന്നതു കണ്ട് അന്തംവിടുകയാണ് നാട്ടുകാർ. ഹരിതകർമസേനക്കാർക്ക് മാലിന്യശേഖരണത്തിന് ആധുനിക സംവിധാനം, വാഹനസൗകര്യം എന്നിവ "100 ശതമാനം പൂർത്തിയായെ'ന്നാണ് സർക്കാർ വാദം. എന്നാൽ ആധുനിക സംവിധാനങ്ങളും അവർക്ക് കിട്ടിയിട്ടില്ല. പുതിയ വാഹനവുമില്ല. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ തെരുവുവിളക്കുകൾ എല്ലായിടത്തും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോട്ടയം നഗരസഭാ പരിധിയിൽപോലും രാത്രി കനത്ത ഇരുട്ടാണ്. അതിന് കെ കെ റോഡെന്നോ, എം സി റോഡെന്നോ വ്യത്യാസമില്ല. എന്നിട്ടും സർക്കാർ വെബ്‌സൈറ്റിൽ പദ്ധതി 100 ശതമാനം നടപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോയിരുന്ന പദ്ധതികൾ പോലും താളംതെറ്റുകയാണ്. കെപിപിഎൽ അടുത്ത ഘട്ടം വികസനം, കേരള റബർ ലിമിറ്റഡിന്റെ തുടർനിർമാണ പ്രവൃത്തികൾ, നാട്ടകത്തെ അക്ഷരം മ്യൂസിയം തുടർനിർമാണം എന്നിവ സംബന്ധിച്ച് ഒരു നീക്കവുമുണ്ടാകുന്നില്ല.









0 comments