Deshabhimani

കുരുന്നുകളുടെ അന്നവും മുടക്കുന്നു

a
വെബ് ഡെസ്ക്

Published on Oct 10, 2026, 01:49 AM | 1 min read

സ്വന്തം ലേഖകൻ

കോഴിക്കോട്‌

സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുകയും മുടങ്ങിയതോടെ കുരുന്നുകളുടെ അന്നവും മുടങ്ങുമെന്ന ആശങ്കയിൽ വിദ്യാർഥികളും അധ്യാപകരും. കഴിഞ്ഞ രണ്ടുമാസമായി ഉച്ചഭക്ഷണത്തിനുള്ള സംസ്ഥാന സർക്കാർ വിഹിതം ഇതുവരെ സ്‌കൂളുകൾക്ക്‌ ലഭിച്ചിട്ടില്ല. അധിക ന്യൂട്രീഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന പാൽ, മുട്ട വിതരണത്തിനുള്ള തുകയും ഒരുമാസമായി കിട്ടിയില്ല. ഇതോടെ കുട്ടികളുടെ അന്നം മുടങ്ങാതിരിക്കാൻ നെട്ടോട്ടമോടുകയാണ്‌ അധ്യാപകർ. പലരും കടം വാങ്ങിയും സ്വന്തം കൈയിൽനിന്ന്‌ പണം നൽകിയുമാണ്‌ തടസ്സമില്ലാതെ പദ്ധതി മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. ഇതുകൂടാതെ പദ്ധതിക്കായുള്ള തുക ഉയർത്താത്തതും തിരിച്ചടിയായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ അനുവദിച്ച തുക തന്നെയാണ്‌ ഇപ്പോഴും പദ്ധതിക്കായി നൽകുന്നതെന്ന്‌ അധ്യാപകർ പറയുന്നു. പാചക വാതകത്തിന്റെ വില മുതൽ അരിയുടെയും പച്ചക്കറിയുടെയുമെല്ലാം വില കുതിച്ചുയർന്നതോടെ ഇ‍ൗ തുക പദ്ധതി നടത്തിപ്പിന്‌ അപര്യാപ്‌തമാണ്‌. പാലിന്റെ വില നാല്‌ രൂപയാണ്‌ വർധിച്ചത്‌. മുട്ടയുടെ സ്ഥിതിയും വ്യത്യസ്തമല്ല. നിലവിൽ അനുവദിക്കുന്ന തുക കൂട്ടണമെന്നാണ്‌ പ്രധാനാധ്യാപകർ പറയുന്നത്‌. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയിരുന്ന വിഭവ സമൃദ്ധമായ മെനു നേരത്തെ തന്നെ യുഡിഎഫ്‌ സർക്കാർ വെട്ടിയിരുന്നു. ഇതുകൂടാതെ വര്‍ഷങ്ങളായി ബാങ്ക് മുഖേന സ്കൂൾ അധികൃതര്‍ നേരിട്ട് ഉച്ചഭക്ഷണ ഫണ്ട് കൈപ്പറ്റിയിരുന്ന രീതി ഉപേക്ഷിച്ചതും അധ്യാപകർക്ക്‌ കനത്ത തിരിച്ചടിയായി. നിലവിൽ ചെലവഴിച്ച തുകയുടെ ബില്ലുകൾ പാസാക്കാൻ ട്രഷറി കയറിയിറങ്ങേണ്ട അവസ്ഥയാണ്‌. ഇതിനിടെ ചെലവാക്കിയ തുക മുഴുവൻ അനുവദിക്കാത്തതും അധ്യാപകർക്ക്‌ അധികബാധ്യതയുണ്ടാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home