Deshabhimani

print edition എംവിഡി പ്രമോഷൻ വൈകിപ്പിച്ചത് പണപ്പിരിവിന്‌

Adalat
avatar
സ്വന്തം ലേഖകൻ

Published on Oct 10, 2026, 02:34 AM | 1 min read

തിരുവനന്തപുരം : മോട്ടോർവാഹന വകുപ്പിലെ ഉന്നത തസ്‌-തികകളിലേക്കുള്ള സ്ഥാനക്കയറ്റ പട്ടിക വിജ്ഞാപനംചെയ്ത് ഒരു മാസത്തിലേറെ സർക്കാർ പൂഴ്‌ത്തിവച്ചത് പണപ്പിരിവിനായി. വരുമാനക്കൂടുതലുള്ള പ്രധാന സബ് ആർടി ഓഫീസുകളിലെയും ചെക്ക്പോസ്റ്റ് മേഖലകളിലെയും തസ്‌തികകൾ തരപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ലക്ഷങ്ങളുടെ ലേലംവിളിയാണ് നടത്തിയത്. നേതാക്കൾക്ക് പണം നൽകിയ ഉദ്യോഗസ്ഥർക്ക് അവർ ചോദിച്ചിടത്ത്‌ കിട്ടി. പണം നൽകാത്ത ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽ ഒഴിവുണ്ടായിട്ടും ദൂരസ്ഥലങ്ങളിലേക്ക് മാറ്റി.

തൃശൂർ ജില്ലയിൽ രണ്ട് പ്രധാന ഒഴിവുകൾ ഉണ്ടായിരുന്നിട്ടും അവിടേക്ക് പരിഗണിക്കാതെ ഉദ്യോഗസ്ഥരെ മറ്റ് ജില്ലകളിലേക്ക് മാറ്റി. രാഷ്ട്രീയ- ഇടപെടലുകൾക്കും പണപ്പിരിവിനും കൂട്ടുനിൽക്കാതിരുന്ന ട്രാൻസ്‌പോർട്ട് കമീഷണർ സി എച്ച് നാഗരാജുവിനെയും വകുപ്പിൽ നിന്ന്‌ പുറത്തുചാടിച്ചു.


ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി തയ്യാറാക്കിയ സ്ഥാനക്കയറ്റ പട്ടിക സെപ്റ്റംബർ രണ്ടിനാണ് വിജ്ഞാപനമായത്. ജോയിന്റ് ആർടിഒമാരായി 23 പേർക്കും, ആർടിഒമാരായി 11 പേർക്കും സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇഷ്ടക്കാരെ പ്രധാന ഓഫീസുകളിൽ തിരുകിക്കയറ്റാനുള്ള ഭരണകക്ഷി നേതാക്കളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സെപ്റ്റംബർ എട്ടിന് തന്നെ സി എച്ച് നാഗരാജു ശുപാർശ സർക്കാരിലേക്ക് അയച്ചു. ഇതേതുടർന്ന് 22-ന് നാഗരാജുവിനെ മാറ്റി സ്‌പർജൻകുമാറിനെ കമീഷണറായി നിയമിച്ചു. തടസ്സങ്ങൾ നീങ്ങിയതോടെ സെപ്റ്റംബർ 30-ന് വീണ്ടും കത്ത് വരുത്തിച്ചശേഷം കഴിഞ്ഞ ബുധനാഴ്ച ഉത്തരവിറക്കി.


സ്ഥാനക്കയറ്റത്തിന്റെ മറവിൽ 31 ജോയിന്റ് ആർടിഒമാരെയും 14 ആർടിഒമാരെയുമാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്. യോഗ്യതയും സീനിയോറിറ്റിയും മാനദണ്ഡമാക്കി സുതാര്യമായി നടക്കേണ്ട നടപടികളാണ് സർക്കാർ അട്ടിമറിച്ചത്. ഉത്തരവ് ഇറങ്ങാൻ വൈകിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ കേസ് കാരണമാണെന്നാണ് ഗതാഗതമന്ത്രിയുടെ ഓഫീസിന്റെ വാദം. എന്നാൽ ഒരു കേസിന്റെ പേരിൽ ഇത്രയും പേരുടെ സ്ഥാനക്കയറ്റം തടയേണ്ടതില്ലെന്ന് നിയമവിദഗ്ദർ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home