കൊല്ലം തീരത്ത് കടൽക്കൊള്ള തുടരുന്നു

കൊല്ലം
ആഴക്കടൽ അരിച്ചുപെറുക്കി മത്സ്യക്കുഞ്ഞുങ്ങളെ കടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടും കൊല്ലം തീരത്ത് കടൽക്കൊള്ള തുടരുന്നു. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽനിന്ന് ഇതരസംസ്ഥാനങ്ങളിലെ ഫിഷ് മില്ലുകളിലേക്ക് ദിവസവും കടത്തുന്നത് ശരാശരി 150– 200ടൺ ചെറുമീനുകൾ. മീൻ വേസ്റ്റ് എന്ന പേരിൽ കടത്തുന്നതിൽ ഏറെയും ചാള, കൊഴുചാള, അയല എന്നിവയുടെ കുഞ്ഞുങ്ങൾ. ഭക്ഷ്യ ഉൽപ്പന്ന നിർമാണം ലക്ഷ്യമിട്ട് ഫിഷ് പേസ്റ്റ് തയ്യാറാക്കാൻ ചെറിയ കിളിമീനുകളെ കൂട്ടത്തോടെ പിടിക്കുന്ന ലോബിയും സജീവം. കുതിരശക്തി കൂടിയ എൻജിനുള്ള ഇരട്ട ബോട്ടുകളിൽ ഡബിൾനെറ്റ് വല അടക്കം ഉപയോഗിച്ച് കൂടുതൽ ആഴത്തിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതിനാൽ ജീവജാലങ്ങൾക്ക് ആഹാരമാകേണ്ട പ്ലവകങ്ങൾ അടക്കമാണ് ഇക്കൂട്ടർ കരയിലെത്തിക്കുന്നത്. ചെറുമീൻ പിടിക്കുന്ന ബോട്ടുകൾക്കെതിരെ കണ്ണടയ്‌ക്കാൻ സർക്കാർ നിർദേശം ഉള്ളതിനാൽ ഉദ്യോഗസ്ഥരും മൗനത്തിലാണ്. മംഗലാപുരം, ആന്ധ്ര, ഒഡിഷ, ഗുജറാത്ത്, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഫിഷ് മീൽ പ്ലാന്റുകളിലേക്കാണ് നിയമംലംഘിച്ച് മത്സ്യക്കുഞ്ഞുങ്ങളെ കടത്തുന്നത്. 50കിലോ ഉൾക്കൊള്ളുന്ന ഒരു ബോക്സ് മീൻ വിറ്റുപോകുന്നത് ശരാശരി 30–45 രൂപയ്‌ക്കാണ്. എന്നാൽ, ഫിഷ് മിൽ പ്ലാന്റുകൾക്ക് 4000–4500രൂപയ്‌ക്ക് വരെയാണ് മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കുന്നത്. കടലിൽനിന്ന് പിടിക്കാവുന്ന 58 ഇനം മീനുകളുടെയും വലിപ്പം (മിനിമം ലീഗൽ സൈസ്-എംഎൽഎസ്) സംബന്ധിച്ച് 2022ൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രത്യേക വിജ്ഞാപനത്തെ നോക്കുകുത്തിയാക്കിയാണ് കടത്ത്. മത്തിയുടെ അനുവദനീയ വലിപ്പം 10 സെന്റിമീറ്ററാണ്. അയലയ്‌ക്ക് 15 സെന്റീ മീറ്റർ വലിപ്പം വേണം. എന്നാൽ, ഇത് കൃത്യമായി നിരീക്ഷിക്കാനോ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനോ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. മീനുകളുടെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള ട്രോളിങ് നിരോധനത്തിന്റെ പ്രയോജനം പോലും ഈ കൊള്ളയിലൂടെ ഇല്ലാതാകുകയാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.








0 comments