ശ്രീകാര്യം സോണലില്‍ കെട്ടിട നമ്പർ ക്യൂവിലാണ്

കഴക്കൂട്ടം
നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നൽകാതെ കോര്‍പറേഷന്റെ മെല്ലെപ്പോക്ക്. ബിജെപി ഭരണസമിതി അധികാരം ഏറ്റതിനുശേഷമുള്ള അഞ്ചുമാസത്തില്‍ 930ഓളം ഫയലുകളാണ് ശ്രീകാര്യം സോണൽ ഓഫീസില്‍മാത്രം തീര്‍പ്പാക്കാനുള്ളത്. ശ്രീകാര്യം, പാങ്ങപ്പാറ, കാര്യവട്ടം, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, പൗഡിക്കോണം, ഞാണ്ടൂർക്കോണം എന്നീ വാർഡുകളിലെ നിർമാണം പൂർത്തീകരിച്ച കെട്ടിടങ്ങൾക്കാണ് നമ്പർ കിട്ടാന്‍ കാലതാമസം നേരിടുന്നത്. എന്‍ജിനിയറിങ് സെക്ഷനിലെ ജീവനക്കാരുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സെക്ഷനിലെ ജീവനക്കാരൻ ലീവിൽ പോയതും പകരം ആറ്റിപ്ര സോണലിൽ നിന്നൊരാളെ നിയമിച്ചുവെങ്കിലും 24 മണിക്കൂറിനകം തിരിച്ചുപോയി. ഇതോടെ ശ്രീകാര്യം സോണലില്‍ ജീവനക്കാര്‍ ഇല്ലാതായി. "വീട്ടുനമ്പറിനുവേണ്ടി രണ്ടുമാസത്തിലേറെയായി ഓഫീസില്‍ കയറിയിറങ്ങുന്നു. ഇതുവരെയും ശരിയാക്കി തരാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം ചെന്നപ്പോള്‍ വീണ്ടുമൊരു അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ഓഫീസില്‍നിന്ന് അറിയിച്ചത്' എന്ന് ചെല്ലമംഗലം സ്വദേശി അനിൽകുമാര്‍ പറഞ്ഞു.










0 comments