ലോറി കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; 2 പേർക്ക് പരിക്ക്

കോട്ടക്കൽ പുത്തൂര്‍ ഇറക്കത്തിൽ ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ നിലയിൽ
കോട്ടക്കൽ
പെരിന്തൽമണ്ണ കോട്ടക്കൽ റോഡിലെ പുത്തൂർ ഇറക്കത്തിൽ തണ്ണിമത്തൻ ലോഡുമായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു. തിരുചിറപ്പള്ളിയിൽനിന്ന് കോട്ടക്കലിലേക്ക് തണ്ണിമത്തൻ ലോഡുമായി വന്ന ഐഷർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ നിഷാന്ത് (23), ക്ലീനർ മുരുകേഷൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളാണ്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ക്യാബിന് അകത്ത് കുടുങ്ങി സാരമായ പരിക്കേറ്റ ഡ്രൈവർ നിഷാന്തിനെ അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ പൊളിച്ചാണ് പുറത്തെത്തിച്ചത്.
മലപ്പുറം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഹബീബു റഹ്മാൻ, സേനാ അംഗങ്ങളായ പി മുഹമ്മദ് ഷിബിൻ, കെ പി അരുൺ ലാൽ, കെ സി മുഹമ്മദ് ഫാരിസ്, പി അഭിനന്ദ്, പി പി വിജി, വി പി നിഷാദ്, എ രാകേഷ്, സച്ചിൻ, ഹോം ഗാർഡ് വി ബൈജു തുടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.










0 comments