തസ്തിക നഷ്ടപ്പെട്ട അധ്യാപകർ പെരുവഴിയിൽ
തടിതപ്പാൻ വിദ്യാഭ്യാസ വകുപ്പ്

..സ്വന്തം ലേഖകൻ....
Published on Aug 15, 2026, 12:53 AM | 1 min read
കൊല്ലം
സ്കൂളുകളിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പെരുവഴിയിലേക്ക് തള്ളിവിട്ടതിനുപിന്നാലെ താൽക്കാലിക സംവിധാനം ഒരുക്കി തടിതപ്പാൻ ശ്രമം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. വിവിധ സ്കൂളുകളിൽ ശന്പളമില്ലാത്ത അവധിക്ക് പോയവരുടെ തസ്തികകളിലേക്ക് ഇവരെ നിയമിക്കാനാണ് നീക്കം. ഇതിനായി എഇഒമാരുടെ നേതൃത്വത്തിൽ കണക്കെടുപ്പ് ആരംഭിച്ചു. ജില്ലയിൽ തസ്തിക നഷ്ടപ്പെട്ട 48 പ്രൈമറി വിഭാഗം അധ്യാപകരെയാണ് താൽക്കാലിക സംവിധാനത്തിലേക്ക് മാറ്റുക. ഇവിടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചവരെ പിരിച്ചുവിട്ടശേഷമായിരിക്കും നിയമനം. അവധി ഒഴിവിന്റെ വിവരങ്ങൾ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂളുകൾക്ക് എഇഒമാർ കത്ത് നൽകി. ഇതിനുപുറമെ സമഗ്ര ശിക്ഷാ കേരളയുടെ (എസ്‌എസ്‌കെ)- കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ (ബിആർസി) ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരുടെ വിവരങ്ങളും തേടിയിട്ടുണ്ട്. ബിആർസികളിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുമുണ്ട്. ഇവരെയും പിരിച്ചുവിട്ട് തസ്തിക നഷ്ടപ്പെട്ടവരെ നിയമിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസം ശന്പളം ലഭിക്കാത്ത അധ്യാപകർക്ക് ഇതുവഴി ശന്പളം നൽകാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. എന്നാൽ, എസ്‌എസ്‌കെയുടെ കൈവശമുള്ള വിവരങ്ങൾക്കുവേണ്ടി സ്കൂളുകളെ സമീപിക്കുന്നതെന്തിന് എന്ന ചോദ്യവും ഉയരുന്നുണ്ട്. എസ്‌എസ്‌കെയും വിദ്യാഭ്യാസ വകുപ്പിലെ ഡിഡി ഓഫീസുകളും തമ്മിലുള്ള ഏകോപനം നഷ്ടപ്പെട്ടതിന്റെ തെളിവാണിതെന്നും തസ്തിക നഷ്ടത്തിൽ ശാശ്വത പരിഹാരം കാണാതെയുള്ള താൽക്കാലിക നടപടി അംഗീകരിക്കാനാകില്ലെന്നും അധ്യാപകർ പറയുന്നു.










0 comments