രാജ്യത്തിനുമുന്നിൽ കേരളത്തിന് തലകുനിക്കേണ്ട അവസ്ഥ: പി രാജീവ്

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനംചെയ്യുന്നു
കടുത്തുരുത്തി
മുമ്പ് അഭിമാനത്തോടെ തലയുയർത്തിനിന്ന കേരളത്തെ ഇപ്പോൾ രാജ്യത്തിനുമുമ്പിൽ തലകുനിക്കേണ്ട അവസ്ഥയിലേക്ക് യുഡിഎഫ് സർക്കാർ എത്തിച്ചെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. ബിജെപിയുടെ അമിതാധികാര പ്രവണതയെ എതിർത്ത് ശിരസുയർത്തിയാണ് കേരളം നിന്നിരുന്നത്. ഇന്ന് കേരള മുഖ്യമന്ത്രി ബിജെപിയുടെ നയങ്ങൾ നടപ്പാക്കാൻ തിടുക്കം കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തിയിൽ കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന ബിജെപിയുടെ ലക്ഷ്യത്തെ ഡൽഹിയിലെ കർഷക സമരം ഫലപ്രദമായി തടഞ്ഞു. ഇന്ത്യയിലെ കർഷകർക്ക് അതിൽ അഭിമാനിക്കാം. വിദ്യാർഥികളുടെ സമരത്തെ എല്ലാ തരത്തിലും അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചു. ആ അടിച്ചമർത്തലിന് ഒപ്പം നിന്നാണ് കേരള സർക്കാർ വിദ്യാർഥികൾക്കെതിരെ കേസുകളെടുത്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് തുല്യമായി കേരളത്തിലും കേസുകൾ എടുത്തു. ദേശീയ ഗാനം പോലും നിർബന്ധിച്ച് പാടിപ്പിക്കേണ്ടതില്ല, ആദരിച്ചാൽ മതിയെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നിട്ടും വന്ദേമാതരം നിർബന്ധമായി പാടണമെന്ന ആർഎസ്എസ് നിലപാട് അടിച്ചേൽപ്പിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. അല്ലെങ്കിൽ ജയിലിൽ പോകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ഭവന പദ്ധതിയിൽ നൽകുന്ന വീട്ടിൽ പ്രധാനമന്ത്രിയുടെ ചിത്രംവയ്ക്കുന്നതിനെ എതിർത്ത നട്ടെല്ലുള്ള മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നു. എന്നാൽ വി ഡി സതീശന് അതിനെയും എതിർക്കുന്നില്ല. സർവകലാശാല വൈസ് ചാൻസലർമാരെയും അക്കാദമിക് രംഗത്തെ മറ്റു പ്രമുഖ സ്ഥാനങ്ങളിലുമെല്ലാം ആർഎസ്എസ് പ്രവർത്തകരെ കുത്തിക്കയറ്റിയതിനെതിരെ ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസത്തെ വർഗീയവൽക്കരിച്ച് അവർ ഒരു തലമുറയെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണ്. അതിനെ കേരള സർക്കാർ പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രിക്ക് എതിരായ പോസ്റ്റുകൾ മെറ്റ നീക്കംചെയ്തത് അറിഞ്ഞില്ല എന്നാണ് വി ഡി സതീശന്റെ വാദം. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടെങ്കിൽ മാത്രമേ പോസ്റ്റുകൾ നീക്കൂ. ആവശ്യപ്പെട്ടത് വി ഡി സതീശൻ ആണോ അതോ അദ്ദേഹത്തിന് വേണ്ടി നരേന്ദ്രമോദിയാണോ എന്നുമാത്രമേ അറിയേണ്ടതുള്ളൂവെന്നും പി രാജീവ് പറഞ്ഞു.










0 comments