Deshabhimani

കാട്ടാനയാക്രമണത്തിൽ
പൊറുതിമുട്ടി മലയോരം

മണിതൂക്കി വാർഡിലെ കളീയ്ക്കൽ കുന്നിൽ കൃഷ്ണൻകുട്ടിയുടെ വീടിന് മുകളിൽ ആന തെങ്ങ് മറിച്ചിട്ടപ്പോൾ

മണിതൂക്കി വാർഡിലെ കളീയ്ക്കൽ കുന്നിൽ കൃഷ്ണൻകുട്ടിയുടെ വീടിന് മുകളിൽ ആന തെങ്ങ് മറിച്ചിട്ടപ്പോൾ

വെബ് ഡെസ്ക്

Published on Oct 11, 2026, 02:15 AM | 1 min read

വിതുര

കാട്ടാനയാക്രമണത്തിൽ പൊറുതിമുട്ടി വിതുര നിവാസികൾ. പഞ്ചായത്തിന്റെ വിവിധ ജനവാസ മേഖലകളിൽ ആക്രമണം പതിവായി. ശനിയാഴ്‌ച മണിതൂക്കി വാർഡിലെ കളീക്കൽ കുന്നിൽ കൃഷ്ണൻകുട്ടിയുടെ വീടിന് മുകളിൽ ആന തെങ്ങ് മറിച്ചിട്ടു. വീടിന് നാശനഷ്ടമുണ്ട്‌. രാത്രി 1.30നായിരുന്നു ആനയിറങ്ങിയത്‌. സമീപത്തെ മതിലും ഷെഡും തകർത്തു. കാട്ടാനശല്യത്തിൽ ജനം ആശങ്കയിലാണ്‌. അഞ്ച്‌ മാസത്തിനിടെ നിരവധിപേർക്കാണ്‌ പരിക്കേറ്റത്‌. ചിലർക്ക്‌ തലനാരിഴയ്ക്ക്‌ ജീവൻ രക്ഷപ്പെട്ടു. തലത്തൂതക്കാവിനുസമീപം കാട്ടാനയാക്രമണത്തിൽ ടാപ്പിങ്‌ തൊഴിലാളി ശിവാനന്ദൻ കാണിക്ക് ഗുരുതര പരിക്കേറ്റിരുന്നു. നട്ടെല്ലിനും വാരിയെല്ലിനുമാണ്‌ പരിക്കേറ്റത്‌. വിതുര–-പൊന്മുടി റോഡിൽ കല്ലാറിനുസമീപം മകളെ ട്യൂഷന് കൊണ്ടുപോകുകയായിരുന്നയാളെയും ആന ആക്രമിച്ചിരുന്നു. സാരമായ പരിക്കുകളോടെ ഇരുവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വിതുരയിൽനിന്ന്‌ പാലോട്ടേക്ക് ജോലിക്ക് പോകുകയായിരുന്ന ജിതേന്ദ്രനും (48) ഗുരുതര പരിക്കേറ്റിരുന്നു. വാരിയെല്ല്‌ തകർന്നു. പരിക്കേറ്റവർക്ക്‌ വനംവകുപ്പിൽനിന്ന്‌ സഹായവും ലഭിച്ചിട്ടില്ല. നിരവധിപേരുടെ കാർഷിക വിളകൾ നശിച്ചു. രാത്രിയായാൽ ആനപ്പേടിയിൽ പുറത്തിറങ്ങാനാകുന്നില്ല. ആനയിറങ്ങുന്നത്‌ തടയാൻ നടപടിയൊന്നും സ്വീകരിക്കാതെ നിഷ്‌ക്രിയമാണ്‌ വനംവകുപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home