പ്രതിഷേധ ജ്വാല

ഡൽഹിയിൽ സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം
കോട്ടയം
കോടിക്കണക്കിനാളുകളുടെ വോട്ടവകാശം കവർന്ന് മോദി സർക്കാരിന് വിടുപണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ നേതാക്കളെ പൊലീസ് അറസ്‌റ്റുചെയ്‌ത് തടങ്കൽ പാളയത്തിലാക്കിയതിലും വിദ്യാർഥികളെ തല്ലിച്ചതച്ചതിലും ജില്ലയിലും പ്രതിഷേധം കത്തിജ്വലിച്ചു. സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ആയിരങ്ങൾ അണിനിരന്നു. ഡൽഹിയിൽ രാവിലെ പൊലീസിന്റെ നരനായാട്ട് തുടങ്ങിയതോടെ ജില്ലയിലെങ്ങും പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ കോലംകത്തിച്ചും പന്തം കൊളുത്തിയുമുള്ള പ്രതിഷേധം രാത്രിയോളം നീണ്ടു. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി തെരുവുകളിൽ പൊതുസമൂഹം ഒന്നാകെയെത്തി. സിപിഐ എം നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത ഉജ്വല പ്രകടനം നടന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വംനൽകി. തിരുനക്കര ബസ്‌സ്‌റ്റാൻഡ് മൈതാനിയിൽ നടന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അധ്യക്ഷനായി. ബി ശശികുമാർ, എം കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നൈറ്റ്‌മാർച്ച് നടത്തി. പന്തം കൊളുത്തി നടന്ന മാർച്ചിൽ നൂറുകണക്കിന് യുവജനങ്ങളും വിദ്യാർഥികളും പങ്കെടുത്തു. തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നടന്ന പൊതുയോഗം ഡിഎൈഫ്‌ഐ ജില്ലാ സെക്രട്ടറി ടി എസ് ശരത് ഉദ്‌ഘാടനംചെയ്‌തു. വിഷ്‌ണു ഷാജി അധ്യക്ഷനായി. അജിൻ കരുവിള ബാബു, അതുൽ ജോൺ ജേക്കബ്, രാഹുൽ പി ജയകുമാർ, എസ് അമൃത എന്നിവർ സംസാരിച്ചു.








0 comments