Deshabhimani

ഡൽഹിയിലെ നരനായാട്ടിൽ പ്രതിഷേധമിരന്പി

delhi

ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനുനേരെയുണ്ടായ പൊലീസ് ഭീകരതയ്ക്കെതിരെയും 
സിപിഐ എം -നേതാക്കളുടെ അറസ്റ്റിനെതിരെയും ജില്ലാ സെക്രട്ടറി എസ് സതീഷിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Oct 11, 2026, 02:37 AM | 2 min read

കൊച്ചി


മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത സിപിഐ എം നേതാക്കളെയും വിദ്യാർഥി, യുവജന സംഘടനാ നേതാക്കളെയും അറസ്‌റ്റ്‌ ചെയ്‌തതിൽ നാടാകെ പ്രതിഷേധമിരന്പി. ജില്ലയിലാകെ ഏരിയകേന്ദ്രങ്ങളിൽ ബഹുജന പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്‌മകൾ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നഗരത്തിൽ സിപിഐ എം സംഘടിപ്പിച്ച മാർച്ചും ധർണയും ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ ഉദ്‌ഘാടനംചെയ്‌തു.


രാജ്യം അക്ഷരാർഥത്തിൽ അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായ സാഹചര്യത്തിലാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തെ നേരിടാൻ ഭരണാധികാരികൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചിരിക്കുകയാണ്‌. രാജ്യത്തെ ഒരു കൊച്ചുകുട്ടിപോലും മോദിയെ ഇന്ന്‌ ഭയപ്പെടുന്നില്ല. എന്നാൽ, നരേന്ദ്രമോദിയെയും - അമിത് ഷായെയും ഭയം പിടികൂടിയിരിക്കുകയാണ്‌. സ്വന്തം ജനതയാൽ വിചാരണ ചെയ്യപ്പെടുന്നവരായി ഇരുവരും മാറി. സമരത്തെ അടിച്ചമർത്താൻ ആർഎസ്‌എസ്‌ ശാഖകളിൽനിന്ന് പരിശീലനം നേടിയ ക്രിമിനലുകൾ മതിയാകില്ലെന്നും എസ്‌ സതീഷ്‌ പറഞ്ഞു.


ബോട്ടുജെട്ടിയിൽനിന്ന്‌ മേനക ജങ്‌ഷനിലേക്ക്‌ നടന്ന മാർച്ചിൽ നൂറുകണക്കിനുപേർ അണിചേർന്നു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, സി ബി ദേവദർശനൻ, എറണാകുളം ഏരിയ സെക്രട്ടറി സി മണി തുടങ്ങിയവർ പങ്കെടുത്തു.


ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ബ്ലോക്ക്‌ കേന്ദ്രങ്ങളിലും നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു.


വിദ്യാർഥികളും യുവജനങ്ങളും കലാപ്രവർത്തകരും ചേർന്ന്‌ മഹാരാജാസ്‌ കോളേജിൽ റാലിയും ഐക്യദാർഢ്യസദസ്സും സംഘടിപ്പിച്ചു.


maharajasമുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്, ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഡ്യവുമായി എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥികളും യുവാക്കളും കലാസാംസ്കാരികമേഖലകളിൽനിന്നുള്ളവരും ചേർന്ന് നടത്തിയ പ്രതിഷേധറാലി



പൊലീസ്‌ ഭീകരതയ്‌ക്ക്‌ യുവതയുടെ താക്കീത്‌


കൊച്ചി


മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഡൽഹിയിൽ സമരം ചെയ്‌ത സിപിഐ എം നേതാക്കളടക്കമുള്ളവർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച്‌ കൊച്ചിയിൽ ഉജ്വല മാർച്ച്‌. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം ബോട്ടുജെട്ടിക്ക്‌ സമീപത്തെ ബിഎസ്എൻഎൽ ഓഫീസിലേക്കായിരുന്നു മാർച്ച്‌.

മാർച്ചിനെത്തുടർന്ന്‌ ചേർന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥിസമൂഹം ഉൾപ്പെടെ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തിനുമുന്നിൽ നരേന്ദ്രമോദിക്ക്‌ മുട്ടുമടക്കേണ്ടി വരുമെന്ന്‌ എം വിജിൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ ഡോ. ചിന്ത ജെറോം, സംസ്ഥാന ട്രഷറർ ആർ രാഹുൽ, ജില്ലാ സെക്രട്ടറി നിഖിൽ ബാബു, സംസ്ഥാന സെക്രട്ടറിയറ്റംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അമൽ സോഹൻ, കെ ടി അഖിൽ ദാസ്, എറണാകുളം ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു അനിൽ എന്നിവർ സംസാരിച്ചു.


ഡിവെെഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ നെെറ്റ് മാർച്ച് നടത്തി.


സിപിഐ എം പ്രതിഷേധിച്ചു


കൊച്ചി


ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. നേതാക്കളുടെയും ജനപ്രതിനിധികളുടെയും പ്രായാധിക്യംപോലും പരിഗണിക്കാതെയുള്ള നരനായാട്ടാണ്‌ നടന്നത്‌. ഡിവൈഎഫ്‌ഐ നേതാക്കളെ അതിക്രൂരമായി ആക്രമിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമാണ്‌ സ്ഥിതി. ജനാധിപത്യപരമായ സമരത്തെ ഭയപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നടപടിയിൽ ശക്തമായ പ്രതിഷേധമുയരുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home