തീപ്പന്തമായി യുവത

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കുന്നു
ആലപ്പുഴ
പുന്നപ്ര–വയലാറിന്റെ മണ്ണിൽ തെരുവിൽ പ്രതിഷേധകാഹളം മുഴക്കി യുവത. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിക്കായി ഡൽഹിയിൽ ജനാധിപത്യപരമായി സമരത്തിനിറങ്ങിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്‌തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ശനിയാഴ്‌ച രാത്രി റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. വനിതകൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ചാണ് വാനിൽ കയറ്റിയത്. സൗത്ത് സ്‌റ്റേഷനിൽ എത്തിച്ച പ്രവർത്തകരെ പൊലീസ് ഭീഷണിപ്പെടുത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം അരുണിന്റെ ഷർട്ട് വലിച്ചുകീറി. പ്രവർത്തകരുടെ മൊബൈൽ ഫോണുകൾക്കും കേട് വരുത്തി. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തുനിന്ന് ജനറൽ ആശുപത്രി ജങ്‌ഷനിലേക്കാണ് വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ പ്രകടനമായി നീങ്ങിയത്. തുടർന്ന് ജങ്‌ഷനിൽ നടന്ന ഉപരോധം ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ ആർ രാഹുൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അനീഷ് കുര്യൻ, കെ ജി അരുൺകുമാർ, ബ്‌ളോക്ക് സെക്രട്ടറിമാരായ ഉണ്ണിക്കൃഷ്‌ണൻ, അജു ആനന്ദ്, ജില്ലാ കമ്മിറ്റിയംഗം രമ്യ സുർജിത് തുടങ്ങിയവർ പങ്കെടുത്തു.








0 comments