ജില്ലാ സ്‌കൂൾ കായികമേളയ്‌ക്ക് കൊടിയിറങ്ങി
കിരീടത്തിൽ മുത്തമിട്ട് കാഞ്ഞിരപ്പള്ളി

റവന്യൂ ജില്ലാ കായികമേളയിൽ ഓവറോൾ കിരീടം നേടിയ കാഞ്ഞിരപ്പള്ളി ഉപജില്ല

സ്വന്തം ലേഖകൻ
Published on Oct 11, 2026, 03:18 AM | 1 min read
കാഞ്ഞിരപ്പള്ളി
ട്രാക്കിലും ഫീൽഡിലും മെഡലുകൾ വാരിക്കൂട്ടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ കാഞ്ഞിരപ്പള്ളി ഉപജില്ലയ്‌ക്ക് റവന്യു ജില്ലാ സ്‌കൂൾ കായികമേളയിൽ ഓവറോൾ കിരീടം. കഴിഞ്ഞ തവണ കിരീടംചൂടിയ പാലാ ഉപജില്ലയെ പിന്നിലാക്കിയാണ് കാഞ്ഞിരപ്പള്ളി കിരീടത്തിൽ മുത്തമിട്ടത്. കാഞ്ഞിരപ്പള്ളി 309 പോയിന്റുമായി ഓവറോൾ ചാന്പ്യൻഷിപ് നേടിയപ്പോൾ 223 പോയിന്റുമായി പാലാ ഉപജില്ലാ രണ്ടാം സ്ഥാനം നേടി. 37 സ്വർണവും 30 വെള്ളിയും 14 വെങ്കലവും കാഞ്ഞിരപ്പള്ളി സ്വന്തമാക്കി. 26 സ്വർണവും 11 വെള്ളിയും 14 വെങ്കലവും പാലാ നേടി. 62 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ കോട്ടയം ഇൗസ്‌റ്റ് അഞ്ച് സ്വർണവും ഏഴ് വെള്ളിയും 13 വെങ്കലവും നേടി. മിന്നുന്ന പ്രകടനവുമായി കോരുത്തോട് സികെഎം എച്ച്‌എസ്‌എസ് 161 പോയിന്റുമായി സ്‌കൂൾതലത്തിൽ ഓവറോൾ നേടി. 16 വർഷത്തിനുശേഷമാണ് കോരുത്തോട് സ്‌കൂൾ ഓവറോൾ ചാന്പ്യൻമാരാകുന്നത്. 2010ലാണ് അവസാനമായി കോരുത്തോട് സ്‌കൂൾ ചാന്പ്യൻമാരായത്. 25 സ്വർണവും 11 വെള്ളിയും മൂന്ന് വെങ്കലവും സ്‌കൂളിന് ഒറ്റയ്‌ക്ക് നേടാനായി. സബ് ജൂനിയർ വിഭാഗത്തിൽ നാലും ജൂനിയർ വിഭാഗത്തിൽ മൂന്നും ഉൾപ്പെടെ ഏഴ് മീറ്റ് റെക്കോഡും കോരുത്തോട് നേടി. 79 പോയിന്റുമായി പാലാ സെന്റ് തോമസ് എച്ച്‌എസ്‌എസ് ആണ് രണ്ടാം സ്ഥാനത്ത്. 12 സ്വർണവും മൂന്ന് വെള്ളിയും 10 വെങ്കലവും സെന്റ് തോമസ് സ്വന്തമാക്കി. മുരിക്കുംവയൽ ഗവ. വിഎച്ച്‌എസ്‌എസ് ആറ് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും നേടി 46 പോയിന്റ് നേടി. സമാപന സമ്മേളനം റോണി കെ ബേബി എംഎൽഎ ഉദ്ഘാടനംചെയ്തു. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട് അധ്യക്ഷനായി. ഡിഡിഇ ഹണി ജി അലക്സാണ്ടർ, വാർഡ് അംഗം വി എം ഷാജഹാൻ, കൈറ്റ് ജില്ലാ കോഓർഡിനേറ്റർ തോമസ് വർഗീസ്, കാഞ്ഞിരപ്പള്ളി എഇഒ എസ് സുൽഫിക്കർ, ജോഷി ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.








0 comments