വെള്ളായണിക്കായലിൽ നീന്തിത്തുടിച്ചവൻ

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന്റെ ജപ്തിഭീഷണി നേരിടുന്ന വീട്
സി എസ് രജീഷ്
Published on Aug 05, 2026, 12:00 AM | 1 min read
നേമം
കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ കല്ലിയൂർ സ്വദേശി രാജേഷിന്റെ മരണവാർത്തയറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. സാഹസികതയെ ഇഷ്‌ടപ്പെട്ടിരുന്ന രാജേഷ് അപകടം തരണംചെയ്‌ത് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുതന്നെയായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. സാഹസിക കായിക ഇനമായ ‘റെപ്പലിങ്’ പരിശീലകനായിരുന്നു രാജേഷ്. കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ രാജശേഖരന്റെയും ഗീതയുടെയും മകനാണ്. വെള്ളായണി കായലിൽ നീന്തിവളർന്നാണ് രാജേഷ് സാഹസികതയെ ഇഷ്‌ടപ്പെട്ടത്. ശനി വൈകിട്ട് കർണാടകം വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിക്കുന്നതിന് തന്റെ ലൈഫ് ജാക്കറ്റ് ഉൗരി നൽകിയശേഷമാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. രാജേഷും സംഘവും രക്ഷാപ്രവർത്തനത്തിനായി എത്തുമ്പോൾ വെള്ളം കഴുത്തറ്റമായി തെങ്ങിൽ വട്ടംപിടിച്ച് നിൽക്കുന്ന ബെന്നിയെയാണ് കാണുന്നത്. അവർ എറിഞ്ഞുകൊടുത്ത കയർ തെങ്ങിൽ കെട്ടുന്നതിനിടെ ബെന്നിയുടെ വിരൽ അതിനിടയിൽ മുറുകി. അതഴിച്ച് കെട്ടുമ്പോഴേക്കും രാജേഷ് നീന്തി അടുത്തെത്തി. രാജേഷ് തന്റെ ജാക്കറ്റ് ഊരി ബെന്നിക്കുനൽകി. പിന്നെ ബെന്നി മുന്നിലും തൊട്ടുപിന്നിൽ ഷിബിനും ജിതിനും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി ഇക്കരെയ്‌ക്കു തിരിച്ചു. 40 മീറ്ററോളം വീതിയുള്ള കുത്തനെയുള്ള ഒഴുക്കും പാറക്കെട്ടുമുള്ള പുഴകടന്ന് കരയ്‌ക്കുകയറി തിരിഞ്ഞുനോക്കുമ്പോഴാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത് മറ്റുള്ളവർ അറിയുന്നത്. കയറിൽനിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. പാറക്കെട്ടുകളിലേക്ക് കയറിൽപിടിച്ചുകയറുകയും ഇറങ്ങുകയും ചെയ്യുന്ന കായികവിനോദമായ റെപ്പലിങ്ങിൽ വിദഗ്‌ധനായ രാജേഷിന് നന്നായി നീന്തലും വശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചെത്തും എന്നുതന്നെയായിരുന്നു സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പ്രതീക്ഷ. രാജേഷിന്റെ സഹോദരൻ രഞ്ജിത് രണ്ടുവർഷംമുന്പ് ട്രെയിനിൽനിന്ന് വീണ് മരിച്ചിരുന്നു. താമസിക്കുന്ന വീട് ജപ്‌തി ഭീഷണിയിലാണ്. കുടുംബത്തിന് ലൈഫ് പദ്ധതിയിൽ കല്ലിയൂർ പഞ്ചായത്ത് അനുവദിച്ച വീടിന്റെ പണി പൂർത്തിയായിട്ടില്ല. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജേഷ്.










0 comments