പശ്ചിമേഷ്യൻ സംഘർഷം: സുരക്ഷ ഉറപ്പുനൽകിയില്ലെങ്കിൽ പ്രത്യാക്രമണമുണ്ടാകും; മുന്നറിയിപ്പുമായി ഇറാൻ

തെഹ്‌റാൻ: വെടിനിർത്തൽ കരാറിൽ യു എസ് ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ പ്രത്യാക്രണം പുനരാരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. യുദ്ധമവസാനിപ്പിക്കാനും ഹോർമുസ് തുറക്കാനും ലക്ഷ്യമിട്ട് മുന്നോട്ടുവെച്ച ഏഴുദിവസത്തെ വെടിനിർത്തൽ പദ്ധതിയിൽ യുഎസ്സിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം വൈകുന്നതിനിടെയാണ് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയത്. തങ്ങളുടെ സുരക്ഷ ഉറപ്പുനൽകിയില്ലെങ്കിൽ പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും ചീഫ് നെഗോഷ്യേറ്ററുമായ മുഹമ്മദ് ബാഗർ ഘാലിബഫ് വ്യക്തമാക്കി.
ഇറാന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം മേഖലയിലെ എണ്ണവ്യാപാരം സാധാരണ നിലയിലാകാൻ അനുവദിക്കില്ല. "ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്ത മേഖലയിൽ മറ്റാരും എണ്ണ വിൽക്കില്ല, ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഇവിടെ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായി അവശേഷിക്കില്ല," ഘാലിബഫ് മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി അവസാനത്തോടെ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങളെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം ഇറാൻ തടഞ്ഞിരിക്കുകയാണ്. ലോകത്തെ അഞ്ചിലൊന്ന് എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണവും നടക്കുന്നത് ഈ കടലിടുക്ക് വഴിയാണ്. മറുഭാഗത്ത് ഇറാന്റെ കയറ്റുമതി പൂർണമായി തടയാൻ ലക്ഷ്യമിട്ട് അമേരിക്കൻ നാവികസേന ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റും ഉപരോധം ശക്തിപ്പെടുത്തിയിട്ടുണ്ട്.
കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ മധ്യസ്ഥർ മുഖേന മുന്നോട്ടുവെച്ച പദ്ധതിയിൽ അമേരിക്കൻ നിലപാടിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസമ്മേളനത്തിനിടെ യുഎസ് പ്രതിനിധികളുമായി പ്രാഥമിക ചർച്ചകൾ നടന്നിരുന്നു.
അമേരിക്കൻ നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും അവസാനിപ്പിക്കുന്നതിനായി ലെബനൻ ഉൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളം 7 ദിവസത്തെ പൂർണ വെടിനിർത്തൽ നടപ്പിലാക്കുക, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ച ഇറാന്റെ ആസ്തികൾ തിരികെ നൽകുക, ഇറാന്റെ എണ്ണമേഖലയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കുക, ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങി പ്രധാനമായും നാല് ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന വാഷിംഗ്ടണിന്റെ പ്രചാരണം തെറ്റാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. രഹസ്യമായി ഏതാനും കപ്പലുകൾ കടത്തിക്കൊണ്ടുപോകുന്നത് കടലിടുക്ക് തുറന്നതിന് തെളിവല്ലെന്ന് വക്താവ് ഹൊസൈൻ മൊഹെബി ചൂണ്ടിക്കാട്ടി. സാധാരണ നിലയിൽ ദിനംപ്രതി 125 ലേറെ കപ്പലുകളും 2 കോടി ബാരൽ എണ്ണയും കടന്നുപോകുന്ന പാത പൂർണമായും നിശ്ചലമാണ്. മുന്നറിയിപ്പുകൾ അവഗണിച്ച് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കപ്പെടുമെന്നും സ്ഫോടനങ്ങളിൽ തകരുമെന്നും ഐആർജിസി കൂട്ടിച്ചേർത്തു.








0 comments