പറഞ്ഞതെല്ലാം തിരിച്ചടിക്കുന്നു; പ്രതിഷേധങ്ങളെ ഭയന്ന് സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കാൻ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിഷേധങ്ങൾ കടുത്തതോടെ സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കാനാണ് തീരുമാനം.
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ കൂടുതൽ സേനയെ വിന്യസിക്കാൻ ഇന്റലിജൻസ് മേധാവി പൊലീസ് ജില്ലാ മേധാവിമാരോട് ആവശ്യപ്പെട്ടിരുന്നു. അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുകയും ശരീരത്തിൽ തൊടുന്ന വിധത്തിൽ അടുത്തിടപഴകുകയും ചെയ്യുന്നതിൽ ജാഗ്രത വേണമെന്നാണ് നിർദേശം.
പൊതുപരിപാടികൾക്ക് പുറമെ അദ്ദേഹം യാത്ര ചെയ്യുന്ന വഴികളിലും യൂണിഫോമിൽ കൂടെയുള്ള പൊലീസുകാർക്ക് പുറമെ മഫ്ടിയിലും പൊലീസ് ഉദ്യോഗസ്ഥർ വേണമെന്നും ഇന്റലിജൻസ് മേധാവി ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ മുഖ്യമന്ത്രിക്കുള്ള സുരക്ഷാ സംവിധാനങ്ങൾക്കും മുഖ്യമന്ത്രിയോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ വലിയ വിമർശനങ്ങളാണ് വിഡി സതീശൻ ഉയർത്തിയിരുന്നത്.
പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങളെ പോലും ആക്ഷേപിച്ചിരുന്ന വിഡി സതീശന്റെ ഈ സുരക്ഷാ സംവിധാനങ്ങളിൽ ഇതിനോടകം തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
സുരക്ഷാസംവിധാനങ്ങളും കോൺവോയ് വാഹനങ്ങളും ചുരുക്കി ഒരു വാഹനം മാത്രമായി യാത്രചെയ്യും എന്ന മുഖ്യമന്ത്രിയുടെ തന്നെ പ്രസ്താവനയും ഇപ്പോൾ ചർച്ചയാകുകയാണ്.








0 comments