ഇടുക്കി മെഡിക്കൽ കോളേജിൽ വൻ അനാസ്ഥ; നവജാതശിശുവിന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ നവജാതശിശുവിന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നെന്ന് പരാതി. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കഴുത്തിൽ വന്ന അലർജിക്ക് ചികിത്സ തേടിയപ്പോഴാണ് ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്.
ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് 2024 ജൂൺ മാസത്തിൽ നിർമിച്ച മരുന്ന് നൽകിയത്. മരുന്നിന് രണ്ടുവർഷമാണ് കാലാവധി. പരാതിയിൽ ആശുപത്രി സൂപ്രണ്ട് ഫാർമസി ജീവനക്കാരോട് റിപ്പോർട്ട് തേടിയിരുന്നു.
എന്നാൽ അങ്ങനെയൊരു മരുന്ന് ഫാർമസിയിൽ സ്റ്റോക്ക് ഇല്ലെന്നാണ് ഇപ്പോൾ അധികൃതരുടെ വാദം. കാലാവധി കഴിഞ്ഞ മരുന്ന് ഫാർമസിയിൽ സൂക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് മറുപടി നൽകിയിട്ടില്ല.
പലയിടത്തും മരുന്നുക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് വിവാദമാകുന്നത്. പരിശോധിച്ചശേഷം മാത്രം മരുന്ന് നൽകാം എന്ന് തീരുമാനിച്ചതുകൊണ്ട് വലിയ അപകടം ഒഴിവായെന്ന് കുഞ്ഞിന്റെ പിതാവ് സോബിൻ പറഞ്ഞു.
സംസ്ഥാന സർക്കാർ ആശുപത്രികൾക്ക് നേരിട്ട് നൽകുന്ന ഓയിന്മെന്റ് ആണിത്. അതുകൊണ്ടുതന്നെ മരുന്ന് സ്റ്റോക്കില്ലെന്ന വാദം പരിശോധിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.








0 comments