Deshabhimani

ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; പാർവതി മായ ഷാജിയെ വീണ്ടും ചോദ്യം ചെയ്യും

parvathy maya shaji
വെബ് ഡെസ്ക്

Published on Sep 30, 2026, 09:27 AM | 1 min read

കൊച്ചി : വിദേശജോലി വാഗ്‌ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയെ വീണ്ടും ചോദ്യംചെയ്യാനൊരുങ്ങി പാലാരിവട്ടം പൊലീസ്‌. തട്ടിപ്പിനിരയായവർ കഴിഞ്ഞദിവസം ഇവരുടെ ഇടപ്പള്ളിയിലെ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു. നൽകിയ പണമോ, വാഗ്‌ദാനം ചെയ്‌ത ജോലിയോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്ഥലത്ത്‌ എത്തിയ പൊലീസിനോട്‌ ഇവർ പറഞ്ഞു. ഇതിന്റെകൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യുകയെന്നാണ്‌ വിവരം. ജാമ്യവ്യസ്ഥപ്രകാരം പാസ്‌പോർട്ട്‌ ഉൾപ്പെടെ പാര്‍വതി മായ ഷാജി ഹാജരാക്കേണ്ടതുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. തിങ്കളാഴ്‌ച നാനൂറോളം ഉദ്യോഗാർഥികളാണ്‌ ഇടപ്പള്ളിയിലെ ഓഫീസിൽ മണിക്കൂറുകൾ പ്രതിഷേധിച്ചത്‌. വിദേശത്ത്‌ പോകാൻ 12 ലക്ഷം രൂപവരെ നൽകിയവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പണം നൽകാമെന്ന്‌ പ്രൊമിസറി നോട്ട്‌ കന്പനി പ്രതിനിധികൾ കൈമാറിയതിനെ തുടർന്നാണ്‌ ഉദ്യോഗാർഥികൾ മടങ്ങിയത്‌.


പാർവതി മായ ഷാജിയുടെ ഭര്‍ത്താവ് അനീഷ് മേനോന്‍, മാനേജര്‍മാരായ അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയന്‍, ഷാജി എന്നിവർക്കായുള്ള അന്വേഷണവും നടക്കുന്നു. പോളണ്ട്, അര്‍മേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങളാണ്‌ സംഘം തട്ടിയെടുത്തത്‌. മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) ലൈസന്‍സടക്കം ഇല്ലാതെയാണ് ഇവരുടെ ഇടപ്പള്ളിയിലെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. വഞ്ചന, ഇമിഗ്രേഷന്‍ ആക്ട് ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 മുതല്‍ 2025 വരെ നിരവധി ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. വിദേശ പണമിടപാടുകൾ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാലാരിവട്ടം പൊലീസ്‌ ഡിആർഐയ്‌ക്കും ഇഡിക്കും റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home