Deshabhimani

ഒരുമാസത്തിനിടെ ബലാത്സംഗത്തിനിരയായത്‌ 13 സ്‌ത്രീകൾ; ഡൽഹി സെക്രട്ടറിയറ്റിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌

sfi delhi protest
വെബ് ഡെസ്ക്

Published on Sep 30, 2026, 09:54 AM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ ബലാത്സംഗ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം തുടരാൻ എസ്‌എഫ്‌ഐ. നൂറുകണക്കിന്‌ വിദ്യാർഥികളെ അണിനിരത്തിക്കൊണ്ട്‌ ഡൽഹി സെക്രട്ടറിയറ്റിലേക്ക്‌ ബുധനാഴ്‌ച മാർച്ച്‌ സംഘടിപ്പിക്കുമെന്ന്‌ എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി സൂരജ്‌ ഇളമൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്‌തംബറിൽ മാത്രം 13 സ്‌ത്രീകളാണ്‌ ലൈംഗികാതിക്രമത്തിന്‌ ഇരയായയത്‌. പ്രായപൂർത്തിയായവരും ഇതിലുൾപ്പെടും.


പെൺകുട്ടികൾക്ക്‌ നേരെയുള്ള അതിക്രമം ആവർത്തിക്കാതിരിക്കാൻ സമഗ്രമായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം മാർച്ചിലുയർത്തും. ഡൽഹിയിലെ കാമ്പസുകളിലും സമീപ പ്രദേശങ്ങളിലും സിസിടിവി, തെരുവ്‌ വിളക്ക്‌, പിങ്ക്‌ ബൂത്ത്‌ എന്നിവ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർത്തും. ഡൽഹിയിലെ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടുള്ള പോരാട്ടം വരും ദിവസങ്ങളിൽ ശക്തമായി തുടരുമെന്നും സൂരജ്‌ പറഞ്ഞു.


ബിജെപിയുടെ വനിത മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്താണ്‌ പെൺകുട്ടികൾക്ക്‌ നേരെ തുടർച്ചയായി അതിക്രമമുണ്ടാവുന്നതെന്ന്‌ എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി മെഹിന ഫാത്തിമ പറഞ്ഞു. കേന്ദ്രത്തിലും ഡൽഹി മുനിസിപ്പാലിറ്റിയിലും ബിജെപിയാണ്‌ ഭരണത്തിലിരിക്കുന്നത്‌. എല്ലാ കാലത്തും അക്രമികളെ പിന്തുണക്കുന്ന നിലപാടാണ്‌ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്‌. ബ്രിജ്‌ ഭൂഷൺ ശരൺ സിങ്ങിന്റെ വിഷയത്തിലുൾപ്പെടെ അത്‌ വ്യക്തമായതാണ്‌.


പെൺകുട്ടികൾക്ക്‌ നേരെ അതിക്രമമുണ്ടായതിനെത്തുടർന്ന്‌ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ മോശം അനുഭവമാണുണ്ടായത്‌. പരാതി സ്വീകരിക്കാൻ പോലും പൊലീസ്‌ തയ്യാറായില്ല. ഡിസിപിയെ ബന്ധപ്പെട്ടങ്കിലും ഫലമുണ്ടായില്ല. ഇ‍ൗ സാഹചര്യത്തിലാണ്‌ അധികാരികളെ കാര്യങ്ങൾ നേരിട്ട്‌ അറിയിക്കുന്നതിനായി സെക്രട്ടറിയേറ്റിലേക്ക്‌ മാർച്ച്‌ ചെയ്യുന്നത്.


ലൈംഗികാതിക്രമം ഉൾപ്പെടെ ഉയർത്തി പ്രതിഷേധിച്ചാൽ സംഘപരിവാറുകാർ പെൺകുട്ടികളെ രാജ്യദ്രാഹികളാക്കും. ബലാത്സംഗത്തിനിരയായാൽ പെൺകുട്ടികളെ ഇന്ത്യയുടെ പുത്രിമാരാക്കുമെന്നും മെഹിന ഫാത്തിമ പറഞ്ഞു. ഡൽഹി സംസ്ഥാന സെക്രട്ടറിയേറ്റംഗം സഖിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home