യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ നിന്ന് എയര്‍ ഗണ്ണും പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിന് പിന്നാലെ യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർഗണ്ണും പെല്ലറ്റും മദ്യക്കുപ്പികളും കണ്ടെത്തി. അശ്വന്ത് സഞ്ചരിച്ചിരുന്ന മഹീന്ദ്ര ഥാർ ജീപ്പിൽ നിന്നാണ് നടക്കാവ് പോലീസ് ഇവ കണ്ടെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. അശ്വന്ത് കോക്ക് ഓടിച്ച ഥാർ ജീപ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും തുടർന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ച ഇയാളെ ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് പിടികൂടിയത്.
സംഭവത്തിന് പിന്നാലെ തകരാർ സംഭവിച്ച വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് അശ്വന്ത് കോക്കിനെതിരെ കേസെടുത്തു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.









0 comments