Deshabhimani

അച്ഛന്റെ പേര് 'കഴുത അച്ഛൻ'! മധ്യപ്രദേശിൽ കഴുതയ്ക്കും നഴ്‌സിംഗ് സർട്ടിഫിക്കറ്റ്; രജിസ്ട്രേഷൻ വിവാദത്തിൽ

donkey
വെബ് ഡെസ്ക്

Published on Sep 30, 2026, 11:32 AM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിൽ നഴ്‌സിംഗ് കോളേജ് അഴിമതികൾക്ക് പിന്നാലെ, കഴുതയ്ക്ക് ഓൺലൈൻ സംവിധാനത്തിലൂടെ നഴ്‌സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചു. മധ്യപ്രദേശ് നഴ്‌സസ് രജിസ്‌ട്രേഷൻ കൗൺസിലിന്റെ ഓൺലൈൻ പോർട്ടലിൽ രേഖകളുടെ യാഥാർഥ്യം പരിശോധിക്കുന്നുണ്ടോ എന്നറിയാൻ എൻഎസ്‍യുഐ സംസ്ഥാന വൈസ് പ്രസിഡന്റ് രവി പർമാർ നടത്തിയ പരീക്ഷണത്തിലാണ് ട്വിസ്റ്റ്.


ഒരു കഴുതയുടെ ഫോട്ടോയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കാത്ത വ്യാജ രേഖകളും അപ്‌ലോഡ് ചെയ്ത് ആവശ്യമായ ഫീസ് അടച്ചപ്പോൾ, പോർട്ടൽ കഴുതയുടെ പേരിൽ പ്രൊവിഷണൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചു. അപേക്ഷയിൽ അപേക്ഷകന്റെ പേര് 'കഴുത' എന്നും, പിതാവിന്റെ പേര് 'കഴുത അച്ഛൻ' എന്നുമാണ് നൽകിയിരുന്നത്.


സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും 'ഡിജിലോക്കർ' അധിഷ്ഠിത പരിശോധന ഉൾപ്പെടുത്തുന്നതിനുമായി പോർട്ടലിന്റെ പ്രവർത്തനം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. ഈ സംഭവം സംസ്ഥാനത്ത് വർഷങ്ങളായി തുടരുന്ന നഴ്‌‌സിംഗ് അഴിമതികളുടെ തുടർച്ചയാണെന്നാണ് വിമർശനം.


അതേസമയം നൽകിയ സർട്ടിഫിക്കറ്റ് താൽക്കാലികം മാത്രമാണെന്നാണ് കൗൺസിൽ പ്രസിഡന്റ് ഡോ. വേണു കുശ്വാഹയുടെ വിശദീകരണം.

രണ്ടാം ഘട്ടത്തിൽ ഓൺലൈൻ പരിശോധനയ്ക്ക് ശേഷമേ സ്ഥിരം രജിസ്ട്രേഷൻ നൽകൂ എന്നും വ്യാജ വിവരങ്ങൾ സമർപ്പിക്കുന്നത് വഞ്ചനാക്കുറ്റമാണെന്നും അത്തരം അപേക്ഷകൾ റദ്ദാക്കുമെന്നും അവർ വിശദീകരിച്ചു.


താൽക്കാലിക സർട്ടിഫിക്കറ്റ് ആണെങ്കിൽ പോലും, കൃത്യമായ മുൻകൂർ പരിശോധനയില്ലാതെ ഔദ്യോഗിക രേഖകൾ നൽകുന്നത് രോഗികളുടെ സുരക്ഷയെയും നഴ്‌സിംഗ് മേഖലയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ പരീക്ഷകൾ മുടങ്ങിയും അംഗീകാരം റദ്ദാക്കപ്പെട്ടും ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായത്.


മധ്യപ്രദേശിൽ രണ്ടോ മൂന്നോ മുറികളിലും കടമുറികളിലും പ്രവർത്തിച്ചിരുന്ന, അടിസ്ഥാന സൗകര്യങ്ങളോ സ്വന്തമായി ആശുപത്രികളോ ഇല്ലാത്ത നഴ്‌സിംഗ് കോളേജുകൾക്ക് മുൻപ് അംഗീകാരം നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സിബിഐ നടത്തിയ പരിശോധനയിൽ 308 കോളേജുകളിൽ 139 എണ്ണം മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് കണ്ടെത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home