അഷ്ടമുടിയിലും കല്ലടയാറ്റിലും കരിമീൻ കുഞ്ഞുങ്ങളെ കടത്തൽ വ്യാപകം

കൊല്ലം : അഷ്ടമുടിക്കായൽ, കല്ലടയാറ് എന്നിവിടങ്ങളിൽനിന്ന് കരിമീൻ കുഞ്ഞുങ്ങളെ കടത്തുന്ന ലോബികൾ സജീവം. ചെറുവള്ളങ്ങളിൽ കറങ്ങുന്ന സംഘം മടവല ഉപയോഗിച്ച് കരിമീൻ കുഞ്ഞുങ്ങളെ കോരിയെടുക്കുകയാണ്. മീൻ വളർത്തൽ കേന്ദ്രങ്ങളിലേക്ക് വൻ തുകയ്‌ക്കാണ് ഇവയെ കടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രതിസന്ധികളിൽ മീൻ ലഭ്യതയിൽ വൻ ഇടിവാണ്. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ കടത്തുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയാകുന്നു. ദിവസം ശരാശരി ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് കടത്തുന്നത്. ഒരു കരിമീൻ കുഞ്ഞിന് പത്ത് മുതൽ 12രൂപ വരെയാണ് വില നൽകുന്നത്.
അഷ്ടമുടിക്കായൽ തീരങ്ങളായ പെരുമൺ, വെള്ളിമൺ, പ്രാക്കുളം, അഷ്ടമുടി, കാഞ്ഞിരകോട് എന്നിവിടങ്ങൾക്ക് പുറമെ കല്ലടയാറിന്റെ തീരപ്രദേശങ്ങളായ മൺറോതുരുത്ത്, പടിഞ്ഞാറെ കല്ലട, കിഴക്കേകല്ലട എന്നിവിടങ്ങളിൽനിന്നുമാണ് രാത്രിയിൽ കുഞ്ഞുങ്ങളെ കോരുന്നത്. ഇവിടങ്ങളിലെ കണ്ടൽക്കാടുകൾ കേന്ദ്രീകരിച്ചാണ് മീൻപിടിത്തം. ഇവിടെനിന്ന് വെള്ളം നിറച്ച ബക്കറ്റുകൾ, ചരുവങ്ങൾ എന്നിവയിലാക്കി ആൾതിരക്കില്ലാത്ത കടവുകളിൽ പുലർച്ചെ എത്തിച്ചാണ് വിൽപ്പന. രഹസ്യമായെത്തുന്ന ഏജന്റുമാർ ഇവയെ വെള്ളം നിറച്ച ബാരലുകൾ, പ്ലാസ്‌റ്റിക് കവറുകൾ എന്നിവയിലാക്കി വിദൂര സ്ഥലങ്ങളിലേക്ക് വാഹനങ്ങളിൽ കടത്തുകയാണ്. ജലാശയങ്ങളിലെ കരിമീനുകളുടെ വംശനാശത്തിന് ഇത് ഇടയാക്കുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ഇതിനെതിരെ കർശന നടപടിവേണമെന്ന പരന്പരാഗത തൊഴിലാളികളുടെ ആവശ്യത്തെ അധികൃതർ അവഗണിക്കുന്നതായും പരാതിയുണ്ട്.








0 comments