നെടുമങ്ങാട് തീപിടിത്തം; 3.5 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി നിഗമനം

നെടുമങ്ങാട് : നെടുമങ്ങാട് നഗരത്തിൽ തിങ്കൾ രാത്രിയുണ്ടായ തീപിടിത്തത്തിൽ 3.5 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. മാർക്കറ്റ് ജങ്ഷനുസമീപമുള്ള കോക്‌ടെയ്‌ൽ ടെക്സ്‌റ്റൈൽസ്, റോജ സിൽക്സ്, ബ്രാൻഡ് ഹൗസ് റെഡിമെയ്‌ഡ് ഷോപ്പ്, ജെവിഎം മൊബൈൽസ്, കുമാർ ജ്വല്ലറി, സമീപമുള്ള വീട് എന്നിവയിലാണ് തീ പടർന്നത്.
കോക്‌ടെയ്‌ൽ ടെക്സ്‌റ്റൈൽസ് പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളും ഇന്റീരിയർ ഡെക്കറേഷനുകളും വസ്ത്ര കൗണ്ടറുകളും എയർ കണ്ടീഷനറുകളും കത്തിയമർന്നു. ഒരുകോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് ഉടമ അധികാരികളെ അറിയിച്ചിട്ടുള്ളത്. റോജ സിൽക്സ് പ്രവർത്തിക്കുന്ന ബഹുനിലമന്ദിരത്തിന്റെ പകുതിയിലധികവും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾ ചാരമായി. ക്യാഷ് കൗണ്ടറടക്കം കത്തിപ്പോയി. സ്റ്റോർ റൂമുകൾ, ഡെക്കറേഷനുകൾ, എയർ കണ്ടീഷനറുകൾ, ഇവയെയെല്ലാം തീവിഴുങ്ങി. രണ്ടുകോടിയിലധികം രൂപയുടെ നഷ്ടമെന്ന് ഉടമ പറഞ്ഞു.
മൊബൈൽ ഷോപ്പ് പൂർണമായും അഗ്നിക്കിരയായി. വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളുമടക്കം അരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. സ്വർണക്കട മുഴുവനായും കത്തിപ്പോയി. റെഡിമെയ്ഡ് ഷോപ്പിലെ വസ്ത്രങ്ങളിലധികവും നശിച്ചു. ഫർണിച്ചറും ഒരുവശത്തെ കൗണ്ടറുകളും കത്തി. 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അപകടസ്ഥലം സന്ദർശിച്ചു. നെടുമങ്ങാട് ആർഡിഒ കെ പി ജയകുമാർ, തഹസിൽദാർ നന്ദകുമാർ എന്നിവർ സ്ഥാപന ഉടമകളുടെ മൊഴിയെടുത്തു. പ്രാഥമിക റിപ്പോർട്ട് കലക്ടർക്ക് കൈമാറി. കോക്‌ടെയ്‌ൽ ടെക്സ്‌റ്റൈൽസിനുസമീപത്തെ വൈദ്യുതപോസ്റ്റിൽ ചുറ്റിവരിഞ്ഞ നിലയിലുള്ള കേബിളുകൾക്കിടയിലുണ്ടായ തീപ്പൊരിയാണ് വലിയ നാശത്തിലേക്ക് വഴിവച്ചതെന്ന നിഗമനത്തിലാണ് അധികൃതർ. കൃത്യമായ കാരണം കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നു.
നഷ്ടമുണ്ടായ വ്യാപാരികൾക്ക് ഇൻഷുറൻസിന് അപേക്ഷിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾ പരിശോധനകൾ പൂർത്തിയായാലുടൻ ലഭ്യമാക്കുമെന്ന് അഗ്നി രക്ഷാസേനാ സ്റ്റേഷൻ ഓഫീസർ പറഞ്ഞു. ജി ആർ അനിൽ എംഎൽഎ, നഗരസഭാ ചെയർമാൻ ആർ ജയദേവൻ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ എന്നിവരും സ്ഥാപന ഉടമകളെ സന്ദർശിച്ചു.









0 comments