നഗരം നാറുന്നു; ബിജെപി കൗൺസിലർ ജയിലിൽ
ജനശ്രദ്ധ തിരിക്കാൻ പഴി അതിഥിത്തൊഴിലാളികൾക്ക്


സ്വന്തം ലേഖകൻ
Published on Jun 14, 2026, 12:45 AM | 1 min read
തിരുവനന്തപുരം
ഭരണപരാജയവും ബിജെപി കൗൺസിലർമാരുടെ ക്രിമിനൽബന്ധങ്ങളും മറച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആസൂത്രിതശ്രമവുമായി മേയർ വി വി രാജേഷ്. അതിഥിത്തൊഴിലാളികളിൽ ബംഗ്ലാദേശികളുണ്ടെന്നും പരിശോധന നടത്തുമെന്നുമുള്ള മേയറുടെ പ്രസ്‌താവന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിലടക്കം വന്ന വീഴ്‌ച ചർച്ചയാകാതെ വഴിതിരിച്ചുവിടാനെന്ന് ആക്ഷേപമുയരുന്നു. വർഷങ്ങളായി തലസ്ഥാനത്ത് ജോലിചെയ്യുന്ന അതിഥിത്തൊഴിലാളികളെ ഒന്നടങ്കം സംശയത്തിന്റെ നിഴലിൽ നിർത്തുകയും നുഴഞ്ഞുകയറ്റക്കാരെന്നതരത്തിൽ ചിത്രീകരിക്കുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യഭീതി ഉയർത്തും. ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും പരിധിയിൽ വരുന്ന വിഷയത്തിലാണ് മേയറുടെ ഇടപെടൽ. തൊഴിലാളികളുടെ രജിസ്ട്രേഷൻ, ക്ഷേമം, തൊഴിൽസാഹചര്യങ്ങൾ എന്നിവ നിരീക്ഷിക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് തൊഴിൽവകുപ്പാണ്. കോർപറേഷൻ പരിധിയിൽ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ പൂർണമായും പരാജയപ്പെട്ടു. ഇതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചെറിയ മഴയിൽപ്പോലും നഗരം വെള്ളക്കെട്ടാകുന്നു. നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ ഉൾപ്പെടെ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കേണ്ട ഭരണനേതൃത്വം പകരം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വാഴോട്ടുകോണം വാർഡിലെ കൗൺസിലർ സുഗതനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് മാറ്റിയ സംഭവത്തിന്റെ നാണക്കേടിലാണ് ബിജെപി. ഇതിനെതിരെ തിങ്കളാഴ്‌ച എൽഡിഎഫ് നേതൃത്വത്തിൽ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളിൽനിന്ന് സമൂഹത്തിന്റെ ശ്രദ്ധതിരിക്കലും മറ്റ് വിഷയങ്ങൾ ഉയർത്തുന്നതിനുപിന്നിലുണ്ട്.










0 comments