ദേശീയപാത നിർമാണം
മാരാരിക്കുളത്തെ വെള്ളക്കെട്ട് ഒഴിവാക്കും

സ്വന്തംലേഖകൻ
Published on Jun 14, 2026, 02:01 AM | 2 min read
മാരാരിക്കുളം
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ മണ്ണുമാന്തി ഉപയോഗിച്ച് ചെറിയ ചാൽകീറി വെള്ളം ഒഴുക്കിവിടും. മറ്റുപ്രദേശങ്ങളിൽ കാന നിർമിക്കാനും കലവൂരിലെ അടിപ്പാത കോൺക്രീറ്റ് ചെയ്‌തു തുറന്നുകൊടുക്കാനും ധാരണയായി. ദേശീയപാത അതോറിറ്റി സംഘം മാരാരിക്കുളത്ത് ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനപ്രതിനിധികൾ വ്യാഴാഴ്ച കലക്ടറെ കണ്ട് നിവേദനം നൽകിയിരുന്നു. തുടർന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മാരാരിക്കുളത്ത് ജനപ്രതിനിധികളോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചത്. കൊച്ചുപള്ളി മുതൽ മാരാരിക്കുളം കളിത്തട്ട് വരെയാണ് ചെറിയ ചാൽ കീറി വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ചത്. കോൾഗേറ്റ് ജങ്ഷന് പടിഞ്ഞാറ് പാടത്തേക്കും വെള്ളക്കെട്ടിലായ വളവനാട് അമ്പലത്തിന് പടിഞ്ഞാറുമുതൽ വടക്കോട്ടും കാന നിർമിക്കണമെന്ന് നിർദേശം ഉണ്ടായി. മണ്ണഞ്ചേരി പഞ്ചായത്ത് 24–ാം വാർഡിൽ കൊച്ചുപള്ളിക്ക് കിഴക്ക് ഭാഗവും വെള്ളക്കെട്ടിലാണ്. ഇവിടെ പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ലവർ സ്കൂളിന് ചുറ്റും വെള്ളം നിറഞ്ഞു. എ എസ് കനാലിലേക്ക് കാന നിർമിച്ച് ഈ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണും. പുതിയതായി നിർമിക്കുന്ന കെഎസ്ആർടിസി സ്റ്റാൻഡിന്റെ പ്രദേശത്തെ വെള്ളക്കെട്ടിനും പരിഹാരം കാണും. പ്രദേശവാസികൾ വെള്ളിയാഴ്ച റോഡ് ഉപരോധിക്കാൻ തീരുമാനിച്ചിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കുമെന്ന ഉറപ്പിനെ തുടർന്ന് ഉപരോധം മാറ്റി. കലവൂരിൽ ഓട്ടോസ്റ്റാൻഡ് വേണം കലവൂരിൽ ഓട്ടോറിക്ഷാ സ്റ്റാൻഡ് വേണമെന്ന ആവശ്യവും ഉയർന്നു. കലവൂരിൽ പുതിയ ക്രമീകരണം വരുത്തിയാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനും ഓട്ടോസ്റ്റാൻഡിനും സൗകര്യം ഏർപ്പെടുത്താനാകുമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മഞ്ഞില ഭാഗത്തെ വെള്ളക്കെട്ട് പ്രദേശവും സംഘം സന്ദർശിച്ചു. ജ്ഞാനദീപഗൃഹം വായനശാലയ്ക്ക് വടക്കോട്ടും കാന നിർമിക്കുന്നത് പരിഗണിക്കും. വെള്ളക്കെട്ടിന് പരിഹാരമായി വളവനാട് ക്ഷേത്രം, കോൾഗേറ്റ് ജങ്ഷൻ, കൊച്ചുപള്ളിക്കുപടിഞ്ഞാറ്, കലവൂർ, പാതിരപ്പള്ളി, പൂങ്കാവ് എന്നിവിടങ്ങളിൽ കാനകൾ പണിത് വെള്ളം പോകാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയർന്നതായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ പറഞ്ഞു. ഇതേക്കുറിച്ച് ആലോചിച്ച് അടിയന്തര സ്വഭാവത്തിൽ പരിഹാരം കാണാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, ബ്ലോക്ക് പ്രസിഡന്റ് പി ഡി ശ്രീദേവി, വി ഡി അംബുജാക്ഷൻ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, പഞ്ചായത്തംഗങ്ങളായ രശ്മി, കെ പി അശോകൻ, മണ്ണഞ്ചേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആസിഫ് റഹിം, സിപിഐ എം വളവനാട് ലോക്കൽ സെക്രട്ടറി പി ചിദംബരൻ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായി.










0 comments