print edition നാട്ടിൽ കാട്ടാന, കുരങ്ങ്; പൊറുതിമുട്ടി ജനം

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Jun 14, 2026, 03:18 AM | 1 min read
തിരുവനന്തപുരം: കാട്ടാന മനുഷ്യജീവനെടുക്കുമ്പോൾ മറുഭാഗത്ത് ജീവനോപാധികൾ നശിപ്പിക്കുന്ന കുരങ്ങുകൾ ഭീഷണിയാകുന്നു. തെങ്ങിൽ നിന്ന് വെള്ളയ്‌ക്ക പറിച്ചെടുത്തും മറ്റു കാർഷികവിളകൾ നശിപ്പിച്ചും ദുരിതം വിതയ്‌ക്കുകയാണിവ.
കുരങ്ങ് ശല്യം കുറയ്‌ക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ വിവിധ മാർഗങ്ങൾ സ്വീകരിച്ചിരുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന കുരങ്ങുകളുടെ വന്ധ്യംകരണമായിരുന്നു അതിൽ പ്രധാനം. കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കുന്ന പദ്ധതികളുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുമോ എന്നാണ് മലയോര കർഷകർ നോക്കുന്നത്.
കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കിലേ പദ്ധതി നടപ്പാക്കാനാകൂ. ഇതിനാവശ്യമായ നിർദേശം വനംവകുപ്പ് തയ്യാറാക്കി തുടങ്ങിയിരുന്നു. കേന്ദ്ര അംഗീകാരത്തിന് സർക്കാർ വൈമനസ്യം കാണിച്ചാൽ കർഷകർക്ക് തിരിച്ചടിയാകും. നിലവിൽ ശല്യക്കാരായ കാട്ടുപന്നികളെ മാത്രമാണ് വെടിവച്ചുകൊല്ലാൻ അനുമതി.
കുരങ്ങുകളെ ഇത്തരത്തിൽ നിയന്ത്രിക്കാൻ കഴിയില്ല.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) കുരങ്ങുകളെ വംശനാശഭീഷണി നേരിടുന്ന ഇനമായാണ് കണക്കാക്കുന്നത്. അതിനാലാണ് വന്ധ്യംകരണം മുൻ സർക്കാർ ആലോചിച്ചത്. വന്ധ്യംകരിക്കുന്ന കുരങ്ങുകളുടെ മുറിവ് ഉണങ്ങുന്നതുവരെ സംരക്ഷണത്തിന് ഷെൽട്ടർ ഹൗസ് സജ്ജമാക്കേണ്ടിവരും.
ഓടിളക്കുക, ഉണക്കാനിട്ട വസ്‌ത്രങ്ങൾ കൊണ്ടുപോകുക, ടാപ്പുകൾ തകർക്കുക, വാട്ടർ ടാങ്കിന്റെ മൂടി തുറന്ന് വെള്ളത്തിലിറങ്ങുക എന്നിങ്ങനെയുള്ള ഉപദ്രവങ്ങളും കുരങ്ങുകളിൽ നിന്നുണ്ട് .
വന്യജീവി ആക്രമണം പ്രതിരോധിക്കാൻ കേന്ദ്രനിയമങ്ങളിൽ ഭേദഗതിയ്‌ക്ക് സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ വേണം. കാട്ടാനയാക്രമണത്തിൽ ആറ് ജീവൻ നഷ്‌ടപ്പെട്ടിട്ടും മന്ത്രി ഷിബു ബേബിജോൺ ഒരക്ഷരം മിണ്ടിയിട്ടില്ല.










0 comments