മാലിന്യം നീക്കാന്‍ ഇനി ഹരിതവാഹിനി

തിരുവനന്തപുരം
ഇനിമുതൽ മാലിന്യം ചാക്കിൽ കെട്ടിയെടുത്ത് നടക്കുന്നത് അവസാനിപ്പിക്കാമല്ലോയെന്ന ആശ്വാസത്തിലാണ് നഗരത്തിലെ ഹരിതകർമസേനാംഗങ്ങൾ. ജോലിഭാരം കുറയ്ക്കാനും സമയലാഭത്തിനുമായി കെ–--ഡിസ്കിന്റെ നേതൃത്വത്തിൽ കോർപറേഷൻ നൽകുന്ന 15 ഇലക്ട്രിക് ട്രൈ സൈക്കിൾ "ഹരിതവാഹിനി' നിരത്തിലിറങ്ങി. കോർപറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്‌തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു അധ്യക്ഷയായി. നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ സി എസ് സുജാദേവി, കൗൺസിലർ പാളയം രാജൻ, പ്രോജക്ട് കോ–-ഓർഡിനേറ്റർ സീനത്ത്, കെ–- ഡിസ്ക് ഒഎൽഒഐ പ്രോജക്ട് ലീഡ് വിമൽ രവി എന്നിവർ സംസാരിച്ചു. കെ-–-ഡിസ്കിന്റെ ഒരു തദ്ദേശസ്ഥാപനം ഒരാശയം (ഒഎൽഒഐ) പദ്ധതിയുടെ ഭാഗമായി സോഷ്യൽ ആൽഫ, യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ ഇന്ത്യ ഫൗണ്ടേഷൻ, കില എന്നിവയുടെ സഹകരണത്തിലാണ് ചെലവ് കുറഞ്ഞ ഇ–-ട്രൈസൈക്കിളുകൾ എത്തിച്ചത്. ആക്സിലെറോ വെഹിക്കിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പാണ് നിർമാതാക്കൾ. പദ്ധതി വിജയകരമായാൽ കൂടുതൽ സൈക്കിളുകൾ നിർമിക്കാൻ സിഇടിയെ ചുമതലപ്പെടുത്തുന്നതും പരിഗണനയിലാണ്. സൈക്കിൾ ബാലൻസ് ഇല്ലാതിരുന്ന ഹരിതകർമസേനാംഗങ്ങളെയടക്കം ചുരുങ്ങിയ ദിവസങ്ങൾകൊണ്ടാണ് കെ–-ഡിസ്ക് ഉദ്യോഗസ്ഥർ പരിശീലിപ്പിച്ചത്. വീടുകളിൽനിന്നെടുക്കുന്ന അജൈവ മാലിന്യം ശേഖരിച്ച് സംഭരണകേന്ദ്രങ്ങളിൽ എത്തിക്കുന്നതിനാണ് വാഹനം ഉപയോഗിക്കുന്നത്. ഓരോ വാർഡിലെ രണ്ടുവീതം ഹരിതകർമസേനാംഗങ്ങൾക്കാണ് നിലവിൽ പരിശീലനം നൽകിയത്. എട്ട് മണിക്കൂർ ഫുൾചാർജ് ചെയ്താൽ 30 മുതൽ 40 കിലോമീറ്റർവരെ ദൂരം ഓടിക്കാനാകും. 18 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. രണ്ട് യൂണിറ്റ് വൈദ്യുതി മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. സാധാരണ പ്ലഗ് പോയിന്റുകളിൽ വാഹനം ചാർജ് ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.










0 comments