നേട്ടങ്ങളുടെ നെറുകയിൽ ഗവ. എൽപിഎസ് ചെമ്പൂര്

കലോത്സവം, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, മത്സരപ്പരീക്ഷകൾ, ക്വിസ് പരീക്ഷകൾ... മത്സരം ഏതുമാകട്ടെ, മികവിന്റെ പട്ടികയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ മുന്നിലുണ്ട് ഗവ. എൽപിഎസ് ചെമ്പൂര്.
ആറ്റിങ്ങൽ
കലോത്സവം, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, മത്സരപ്പരീക്ഷകൾ, ക്വിസ് പരീക്ഷകൾ... മത്സരം ഏതുമാകട്ടെ, മികവിന്റെ പട്ടികയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ മുന്നിലുണ്ട് ഗവ. എൽപിഎസ് ചെമ്പൂര്. കലോത്സവത്തിലെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ ഉപജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയമായും തെരഞ്ഞെടുക്കപ്പെട്ടു. കലോത്സവത്തിലും അറബിക് കലോത്സവത്തിലും ശാസ്ത്രമേളയിൽ ഗണിത, സാമൂഹ്യ ശാസ്ത്ര വിഭാഗങ്ങളിലും ഒന്നാംസ്ഥാനവും പ്രവൃത്തിപരിചയമേളയിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കിയാണ് നേട്ടം. പാഠ്യ, പാഠ്യേതര രംഗത്തും സ്കൂൾ മുന്നിൽത്തന്നെ. കഴിഞ്ഞ എൽഎസ്എസ് പരീക്ഷയിൽ 13 വിജയികളെ സമ്മാനിച്ച സ്കൂളിലെ വിദ്യാർഥികൾ അക്ഷരമുറ്റം, അറിവരങ്ങ്, എഡ്യൂ ഫെസ്റ്റ് തുടങ്ങി ഉപജില്ല, ജില്ല, സംസ്ഥാന ക്വിസ് മത്സരങ്ങളിലും പതിവായി വിജയം കൊയ്യുന്നു. കുട്ടികളുടെ കായികമുന്നേറ്റത്തിനായി കളിമുറ്റം സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലും ഫലപ്രദമായ പ്രവർത്തനങ്ങൾ നടക്കുന്നു.പരിസ്ഥിതി, കൃഷി സംരക്ഷണത്തിനായി പച്ചപ്പാടം ഹരിത കൂട്ടായ്മ, സ്കൂളിലെ അക്ഷരത്തണൽ ഓപ്പൺ ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള സർഗാത്മക പ്രവർത്തനങ്ങൾ, മധുരം മലയാളം, എൻറിച്ച് ഇംഗ്ലീഷ്, ഗണിതം രസിതം തുടങ്ങിയ പ്രവർത്തനങ്ങൾ, കുട്ടി ലൂക്ക ശാസ്ത്ര ക്ലബ് നടത്തുന്ന ലിറ്റിൽ സയന്റിസ്റ്റ് പ്രോഗ്രാമുകൾ, ലഹരിവിരുദ്ധ ക്ലബ് ഗാന്ധിദർശൻ, വിദ്യാരംഗം തുടങ്ങി കുട്ടികളുടെ സർവതോമുഖ വികസനത്തിന് സഹായകമാകുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് സ്കൂൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. വി ശശി എംഎൽഎയുടെ ഇടപെടലിൽ ഒരുകോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയും ലഭിച്ചിട്ടുണ്ട്.









0 comments