Deshabhimani

സർക്കാർ സ്‌പോൺസേഡ്‌ ആക്രമണം: വി ജോയി

Government-sponsored attack

വി ജോയി നിയമസഭയിൽ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കേരളചരിത്രത്തില്‍ കേട്ടുകേൾവിയില്ലാത്ത തരത്തില്‍ യൂത്ത് കോണ്‍ഗ്രസും കേരള പൊലീസും യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ യുദ്ധക്കളമാക്കിയെന്ന് വി ജോയി നിയമസഭയിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസും പൊലീസും ചേർന്ന്‌ നടത്തിയ ആക്രമണം സര്‍ക്കാര്‍ സ്പോണ്‍സേർഡായിരുന്നു– അടിയന്തരപ്രമേയ അവതരണത്തിന്‌ അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം യൂണിവേഴ്സിറ്റി ഹോസ്റ്റലിനുമുന്നിലേക്ക് മാറ്റിയത് ബോധപൂര്‍വമായിരുന്നു. അമിത് ഷായെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍നിന്ന്‌ മാറ്റിയതിന്റെ നാണക്കേട് മറയ്ക്കാനാണ് മന്ത്രി ഒ ജെ ജനീഷിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തിയത്. ആക്രമണത്തിന് മന്ത്രിയാണ് നേതൃത്വം നല്‍കിയത്‌. പ്രതിഷേധത്തിന്റെ മറവില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസുകാരും വിദ്യാര്‍ഥികളെ മര്‍ദിച്ചു. കന്റോണ്‍മെന്റ് എസ്ഐ ഗോകുല്‍ ആറ് വിദ്യാര്‍ഥികളുടെ തല അടിച്ചുപൊട്ടിച്ചു. സിഐ, എസ്ഐ എന്നിവരെ ആഭ്യന്തരമന്ത്രി സംരക്ഷിക്കുകയാണ്‌. സംഘര്‍ഷം നിയന്ത്രിക്കാനെന്ന പേരിലെത്തിയ പൊലീസ്, വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചു. വിദ്യാര്‍ഥികളുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറി ലാത്തിച്ചാര്‍ജ്‌ നടത്തിയ പൊലീസ്‌നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ഹോസ്റ്റലിനെ യുദ്ധക്കളമാക്കിയ പൊലീസ് അതിക്രമത്തിന്റെ ഭീകരത വ്യക്തമാക്കി മര്‍ദനത്തിനിടെ ഒടിഞ്ഞ ലാത്തി വി ജോയി സഭയില്‍ ഉയര്‍ത്തിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home