സ്വർണപ്പണയ വായ്പ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ

നിഷ
വെള്ളറട
ബാങ്കുകളെയും സ്വകാര്യ ധനസ്ഥാപനങ്ങളെയും കബളിപ്പിച്ച് സ്വർണപ്പണയ വായ്പ ടേക്ക് ഓവർ ചെയ്യാനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. ചെമ്പൂർ ഒറ്റശേഖരമംഗലം സ്വദേശിനി നിഷ (37)യാണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. സെപ്തംബർ 14നാണ് സംഭവം. ചെമ്പൂരിലെ പ്രമുഖ ബാങ്കിൽ 50 ലക്ഷം രൂപയുടെ ഗോൾഡ് ലോൺ ടേക്ക് ഓവർ ചെയ്യണമെന്ന ആവശ്യവുമായി പ്രതി ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു. ലോൺ പാസാക്കി 50 ലക്ഷം രൂപ ഇവരുടെ ഇഎസ്എഎഫ് ബാങ്ക് സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റിയതിനു പിന്നാലെ യുവതി മുങ്ങി. ബാങ്കില്‍നിന്നെടുത്ത തുക ഇവര്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വകമാറ്റി. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ പിന്തുടർന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ നടത്തിയ അന്വേഷണത്തിൽ, കരിങ്കല്ലത്താണിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തെയും ഇവർ സമാനരീതിയിൽ കബളിപ്പിച്ചതായി കണ്ടെത്തി. മറ്റ് പ്രമുഖ പണമിടപാട് സ്ഥാപനങ്ങളിലും പ്രതി സമാന രീതിയിൽ തട്ടിപ്പിന് സമീപിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. വായ്പ തട്ടിപ്പിനു പിന്നിൽ മറ്റാരുടെയെങ്കിലും സഹായമോ ഗൂഢാലോചനയോ ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ആര്യൻകോട് എസ്എച്ച്ഒ സാബുവിന്റെ നേതൃത്വത്തിൽ ജിഎസ്ഐ പ്രവീൺ കുമാർ, ജിഎസ്ഐ ഷീബ, സിപിഒമാരായ ജയപ്രകാശ്, അക്ഷയ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.









0 comments