റെയിൽവേ അധികൃതരുടെ അനാസ്ഥ
റോഡിന് നടുവിൽ ഗർഡർ; ഗതാഗതം നിരോധിച്ചിട്ട് 2 മാസം

വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുസമീപമുള്ള ഗുഡ്‌സ് ഷെഡ് റോഡിൽ ഗതാഗതത്തിന് തടസ്സമായി കെട്ടിട നിർമാണ സാമഗ്രികൾ ഇറക്കിയിട്ടനിലയിൽ

സ്വന്തം ലേഖകൻ
Published on Jun 14, 2026, 01:01 AM | 1 min read
വർക്കല
വർക്കല റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തെ ഗുഡ്സ് ഷെഡ് റോഡിൽ ഗതാഗത തടസ്സം തുടരുന്നു. വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ പുതിയ കെട്ടിട നിർമാണപ്രവൃത്തിക്ക് ഇറക്കിയ ഗർഡറടക്കം കൂറ്റൻ സാമഗ്രികളാണ് രണ്ടുമാസത്തിലേറെയായി റോഡിൽ കിടക്കുന്നത്. റെയിൽവേ ഗേറ്റ് കുരുക്കിൽനിന്ന് എളുപ്പത്തിൽ കടന്നുപോകാനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്. കണ്ണംബ റെയിൽവേ ഗേറ്റ് പിന്നിട്ട് മാർത്തോമ്മാ പള്ളിമുതൽ ജവാൻ സ്മാരക ജങ്ഷൻവരെ 150 മീറ്റർ ഭാഗമാണ് അടഞ്ഞുകിടക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് ഗർഡറുകൾക്ക് അരികിലൂടെ കഷ്ടിച്ച് കടന്നുപോകാം. കണ്ണംബ ഭാഗത്തുനിന്ന് ഗുഡ്‌സ് ഷെഡിലേക്ക് പ്രവേശിക്കുന്ന വലിയ വാഹനങ്ങൾ മാർത്തോമ്മാ പള്ളിക്കുസമീപം റോഡ് തിരിഞ്ഞ് കല്ലംകോണം, ചെറുകുന്നം ഭാഗങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് വരണം. കണ്ണംബയിൽനിന്ന് ശിവഗിരി റോഡിൽ ചേരുന്ന പുതിയ ബൈപാസ് റോഡ് നിർമാണം ആദ്യഘട്ടം ആരംഭിച്ചു. അക്വയർ ചെയ്‌ത സ്‌ഥലങ്ങൾ ഇതിനകം നിരപ്പാക്കിയതിനാൽ ഇതുവഴിയും അത്യാവശ്യം വാഹനങ്ങൾ കടന്നുപോകുന്നു. എന്നാൽ, പ്രദേശവാസികൾ വർഷങ്ങളായി ഉപയോഗിക്കുന്ന ഗുഡ്‌സ് ഷെഡ് റോഡിൽ റെയിൽവേ നിർമാണപ്രവൃത്തികൾ തുടരുന്നതിനാൽ ഗതാഗതം പഴയരൂപത്തിൽ എന്ന് പുനഃസ്ഥാപിക്കുമെന്ന് ഉറപ്പില്ല.
നന്നാക്കാൻ അനുമതി നൽകുന്നില്ല
വർക്കല മൈതാനത്തെ അടച്ചിട്ട റെയിൽവേ ഗേറ്റുമുതൽ കണ്ണംബവരെ നീളുന്ന ഗുഡ്‌സ് ഷെഡ് റോഡ് പൂർണമായി തകർന്നു. എന്നാൽ നന്നാക്കാൻ റെയിൽവേ നഗരസഭയ്ക്ക് അനുമതി നൽകുന്നില്ല. നിലവിൽ റോഡ് അടച്ചതോടെ ഭാവിയിൽ ഇതിലൂടെയുള്ള ഗതാഗതം ഇല്ലാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡിനടിയിലൂടെ പൈപ്പ്‌ലൈൻ തകരാറിലായതോടെ പരിസരത്തെ ഏതാനും വീട്ടുകാർക്ക് വാട്ടർ അതോറിറ്റിയിൽനിന്ന് വെള്ളം കിട്ടാത്ത സ്ഥിതിയുമുണ്ട്.
ജി മേരി (വാർഡ് കൗൺസിലർ)










0 comments