സ്ഥാനാർഥി പ്രഖ്യാപനം പുലിവാലായി

കോൺഗ്രസിൽ 
കൂട്ടയടി, രാജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പ്രത്യേക ലേഖകൻ

Published on Nov 06, 2025, 12:00 AM | 1 min read

തിരുവനന്തപുരം

തിരുവനന്തപുരം കോർപറേഷനിലേക്ക്‌ മത്സരിക്കുന്ന ഒരു വിഭാഗം സ്ഥാനാർഥികളുടെ പട്ടിക നേരത്തെ പ്രഖ്യാപിച്ചതോടെ പുലിവാലുപിടിച്ച്‌ നേതൃത്വം. പ്രാദേശിക പരിഗണന നൽകിയില്ലെന്ന്‌ പല കോൺഗ്രസ്‌ നേതാക്കളും കൂടിയാലോചിച്ചില്ലെന്ന്‌ ഘടകകക്ഷികളും പരാതിപ്പെട്ടതോടെയാണ്‌ സ്ഥാനാർഥി പ്രഖ്യാപനം പ്രതിസന്ധിയായത്‌. ചുമതലക്കാരനായ കെ മുരളീധരൻ വേണ്ടത്ര കൂടിയാലോചനയോ ജയസാധ്യതയോ പരിഗണിക്കാതെ രണ്ട്‌ പട്ടികയിലായി 63 സ്ഥാനാർഥികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നാണ്‌ ആക്ഷേപം. നേമത്ത്‌ ഒരുവിഭാഗം കോൺഗ്രസ്‌ പ്രവർത്തകർ മുരളീധരന്റെ ജാഥ തടഞ്ഞതിനു പിന്നാലെ കാഞ്ഞിരംകുളത്ത്‌ കൂട്ടരാജികൂടിയായതോടെ നേതൃത്വം വെട്ടിലായി. കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ഉപേഷ് സുഗതനും വിഴിഞ്ഞം മണ്ഡലം സെക്രട്ടറി വിനോദ് കുമാറും ഉൾപ്പെടെ അന്പതിലേറെ പേരാണ്‌ രാജിവച്ചത്‌. സ്ഥാനാർഥി നിർണയത്തിലെ അപാകത ചൂണ്ടിക്കാണിച്ചും കോണ്‍ഗ്രസ് എംഎൽഎ എം വിൻസന്റിന്റെ ഏകാധിപത്യ മനോഭാവത്തിനെതിരെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‌ പ്രവർത്തകർ കത്തയച്ചു. ഹാർബർ വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ലത സുഗതനെ സ്ഥാനാർഥിയാക്കാനാണ്‌ പ്രാദേശികനേതൃത്വം തീരുമാനിച്ചത്. ലതയെ അറിയിക്കുകയും ചെയ്തു. വിൻസെന്റ്‌ എംഎൽഎ ഇടപെട്ട്‌ ലതയെ മാറ്റി സ്വന്തം സ്ഥാനാർഥിയെ തീരുമാനിക്കുകയായിരുന്നു. കോർപറേഷന് പുറമെ പഞ്ചായത്തുകളിലും എംഎൽഎയുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതായും രാജിവച്ചവർ ആരോപിച്ചു. എംഎൽഎ സ്വന്തംനില ഭദ്രമാക്കാനായി ബിജെപിയോട് കൂട്ടുകച്ചവടം നടത്തുകയാണെന്നും പ്രവർത്തകർ പറയുന്നു. രാജിവച്ചവർ ഹാർബർ, പോർട്ട്‌, വിഴിഞ്ഞം വാർഡുകളിൽ മത്സരിക്കുമെന്നും സൂചനയുണ്ട്‌. സ്ഥാനാർഥികളെ പ്രഖ്യാപിച്ച പല വാർഡുകളിലും റിബലുകളും രംഗത്തെത്തി. തിരുവനന്തപുരം കോർപറേഷനിലെ പുഞ്ചക്കരി വാർഡിൽ മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ ജി കൃഷ്ണവേണി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. പ‍ൗണ്ട്‌കടവ്‌ വാർഡ്‌ ലീഗിന്‌ നൽകിയതിൽ പ്രതിഷേധിച്ച്‌ ആർഎസ്‌പിപ്രവർത്തകർ കെ മുരളീധരന്‌ പരാതി നൽകി. നേമം വാർഡിൽ ബിജെപി – കോൺഗ്രസ് കൂട്ടുകച്ചവടത്തിന്‌ കളമൊരുക്കാനായി കോൺഗ്രസിലെ പ്രമുഖരെ തഴഞ്ഞതിനെതിരെയും പരാതി ഉയർന്നു. ജി വി ഹരിയെ മത്സരിപ്പിക്കാൻ പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നെങ്കിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌ നേമം ഷജീറിന്റെ ഭീഷണിക്കുമുന്നിൽ കെ മുരളീധരൻ വഴങ്ങുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home