ചിറ തൊട്ട് ജടായുവിന്റെ ചിറകുവരെ

പഴഞ്ചിറകുളം
പി പ്രദീപ്
Published on Nov 24, 2026, 12:00 AM | 1 min read
ചിറയിൻകീഴ് എന്ന പേരിന്റെ ഉത്ഭവത്തിന് പിന്നിൽ പ്രദേശത്തെ ധാരാളം ചിറകളുടെ സാന്നിധ്യവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാരണമായി. ചിറകൾക്ക് (കായൽ, നദികൾ, കുളം തുടങ്ങിയ ജലാശയങ്ങൾ) കീഴ് (കീഴെ, കിഴക്ക്) സ്ഥിതിചെയ്യുന്ന പ്രദേശം എന്ന അർഥത്തിൽ വിളിച്ചുപോന്ന സ്ഥലം ക്രമേണ ചിറയിൻകീഴായി എന്നും പറയപ്പെടുന്നു. മറ്റൊരു വ്യാഖ്യാനം ശ്രീരാമന്റെ വനവാസകാലത്ത് രാവണൻ സീതയുമായി പോകുന്നതിനിടെ തടയുന്ന ജടായുവിന്റെ ചിറക് രാവണന്റെ വെട്ടേറ്റ് വീണഇടം ‘ചിറകിൻകീഴ്' പിൽക്കാലത്ത് ചിറയിൻകീഴായി എന്നും ഐതിഹ്യവുമുണ്ട്. തിരുവിതാംകൂർ രാജഭരണകാലത്ത് ഇവിടത്തെ ജലപാതകൾ വഴി ജില്ലയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. കായലുകളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ കയർ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. കഠിനകുളം, അഞ്ചുതെങ്ങ് കായലുകൾ, ടി എസ് കനാലിന്റെ ഭാഗങ്ങൾ, വാമനപുരം നദി, തുറയ്ക്കൽ തോട്, നാറാങ്ങൾ തോട്, ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ പഴഞ്ചിറകുളം, നീരാഴി ചിറ, ചെറുകുളങ്ങൾ എന്നിവ പ്രധാന ജലസ്രോതസ്സുകളാണ്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശാർക്കര ദേവീ ക്ഷേത്രവും ഇവിടത്തെ പ്രശസ്തമായ കാളിയൂട്ടുത്സവവും പ്രസിദ്ധമാണ്. നിത്യഹരിത നായകൻ പ്രേംനസീർ, ഭരത് ഗോപി, നാടക ശിൽപ്പി ജി ശങ്കരപ്പിള്ള, ഗാനരചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ തുടങ്ങി പ്രമുഖരെയും ചിറയിൻകീഴ് കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്.









0 comments