തലമുറകൾക്ക് വിജ്ഞാനം പകർന്ന് ഫ്രണ്ട്സ് ഗ്രന്ഥശാല

കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ഥശാലാമന്ദിരം
ചിറയിൻകീഴ്
അക്ഷരങ്ങളുടെ വെളിച്ചം തലമുറകളിലേക്ക് പകർന്നുനൽകി ഒരു നാടിനെ വിജ്ഞാനപന്ഥാവിൽ കൈപിടിച്ചുനടത്തിയ കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ഥശാല 75–-ാം വർഷത്തിലേക്ക്. 1951 സെപ്തംബർ 16-ന് ഒരുകൂട്ടം യുവാക്കൾ ചേർന്നാണ് ഗ്രന്ഥശാലയ്ക്ക് തുടക്കമിട്ടത്. ‘പഠനം, മനനം, കരണം’ എന്ന സന്ദേശമുയർത്തി പ്രവർത്തിക്കുന്ന ഗ്രന്ഥശാല 1968-ൽ കേരള ഗ്രന്ഥശാലാസംഘത്തിൽ രജിസ്റ്റർ ചെയ്തു. 1970-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യമായി നൽകിയ ഭൂമിയിൽ നാട്ടുകാരുടെ സഹായത്തോടെയാണ് കെട്ടിടം യാഥാർഥ്യമാക്കിയത്. തിരുവാറാട്ടുകാവ് ക്ഷേത്രമൈതാനത്താണ് ഗ്രന്ഥശാല സ്ഥിതിചെയ്യുന്നത്. 1977-ൽ സ്റ്റേജ്, സമ്മേളനഹാൾ എന്നിവയുൾപ്പെടെ രണ്ടുനിലകളായി വിപുലീകരിച്ചു. 1978-ൽ എ ഗ്രേഡ് ഗ്രന്ഥശാലയായി. 1980-–81-ൽ കേരളത്തിലെ മികച്ച മൂന്ന് ഗ്രാമീണ ഗ്രന്ഥശാലകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1987-ൽ ദേവസ്വം ബോർഡ് കുറച്ച് ഭൂമികൂടി അനുവദിച്ചതോടെ പഴയ കെട്ടിടത്തോടുചേർന്ന് ഇരുനിലക്കെട്ടിടംകൂടി നിർമിച്ചു. കേരളത്തിൽ ടെലിവിഷൻ പ്രചാരത്തിലെത്തിയ കാലത്ത് നടൻ പ്രേംനസീർ ഗ്രന്ഥശാലയ്ക്ക് ടിവി വാങ്ങിനൽകിയിരുന്നു. 1995 മുതൽ കേരളഗ്രന്ഥശാലാ സംഘത്തിന്റെ ഗ്രാമീണ വിജ്ഞാനകേന്ദ്രമാണിവിടം. 1998-ൽ ജില്ലയിലെ ഏക അക്കാദമിക് സ്റ്റഡി സെന്ററായി മാറി. 2002-ൽ താലൂക്ക് റഫറൻസ് ലൈബ്രറിയായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ 35,000-ത്തിലധികം പുസ്തകങ്ങളും 3000-ത്തിലധികം അംഗങ്ങളുമുള്ള ഗ്രന്ഥശാലയിൽ കുട്ടികൾക്കായി പ്രത്യേക വിഭാഗവുമുണ്ട്. ആർട്സ് ക്ലബ്, സയൻസ് ക്ലബ്, സ്പോർട്സ് കൗൺസിൽ, വനിതാവേദി, വയോജനവേദി, ബാലവേദി, പ്രസിദ്ധീകരണവിഭാഗം എന്നിവയും പ്രവർത്തിക്കുന്നു. എ രാമചന്ദ്രൻ നായർ പ്രസിഡന്റും ജെ എസ് അഭിജിത്ത് ജനറൽ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുൻകാല പ്രവർത്തകരടങ്ങിയ 20 അംഗ ഉപദേശകസമിതിയുമുണ്ട്. ഗ്രന്ഥശാലയുടെ 75–-ാം വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീളുന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.









0 comments