Deshabhimani

കായംകുളം ജലോത്സവം: വീയപുരം ചാമ്പ്യന്‍

fff
വെബ് ഡെസ്ക്

Published on Nov 15, 2026, 02:44 AM | 1 min read

കായംകുളം

കായംകുളം ജലോത്സവത്തിൽ യുബിസി കൈനകരി എഫ്സി തുഴഞ്ഞ വീയപുരം ചുണ്ടന് മിന്നും ജയം. ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ആറാം സീസണിന്റെ കായംകുളം കായലിൽ നടന്ന പത്താം മത്സരത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തിലാണ്‌ വീയപുരം (4:57:887 മിനിറ്റ്) തുടര്‍ച്ചയായ രണ്ടാം വിജയം കൊയ്‌തത്‌. രണ്ടാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്റെയും(4:58:398 മിനിറ്റ്) മൂന്നാമതെത്തിയ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്റെയും (4:59:613 മിനിറ്റ്) കനത്ത വെല്ലുവിളി അതിജീവിച്ചാണ് ആരാധകര്‍ക്കിടയിൽ ‘വീരു’ എന്നറിയപ്പെടുന്ന വീയപുരം ജയിച്ചു കയറിയത്. ഹീറ്റ്സില്‍ മികച്ച സമയം കൈവരിക്കാനാവാത്തതിനാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന അരോമ ചുണ്ടന് ഫൈനലില്‍ കടക്കാനായില്ല. ഫൈനൽ മത്സരം തുടങ്ങി ആദ്യ പാദത്തില്‍ മൂന്നുചുണ്ടനും ഒപ്പത്തിനൊപ്പമായിരുന്നു. പകുതിയോടടുത്തപ്പോള്‍ മേല്‍പ്പാടം ചെറിയ ലീഡ് നേടി. പിന്നീട്‌ നിരണം ലീഡെടുത്തു. വീണ്ടും മൂന്ന് വള്ളങ്ങളും ഒപ്പത്തിനൊപ്പം. അവസാന 200 മീറ്ററില്‍ വര്‍ധിത വീര്യത്തോടെ വീയപുരം തുഴയെറിഞ്ഞു. വ്യക്തമായ ലീഡോടെ വീയപുരം വിജയ വരതൊട്ടു. കൈനകരിയില്‍ സ്വന്തം തട്ടകത്തില്‍ നേടിയ വിജയം യുബിസി കൈനകരി എഫ്സി കായംകുളത്തും ആവര്‍ത്തിക്കുകയായിരുന്നു.കെ സി വേണുഗോപാൽ എംപി ജലോത്സവം ഉദ്ഘാടനംചെയ്തു. മന്ത്രി എം ലിജു അധ്യക്ഷനായി. മുൻ എംഎൽഎ സി കെ സദാശിവൻ മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. സിനിമാതാരം ടിനി ടോം മുഖ്യാതിഥിയായി. മന്ത്രി പി സി വിഷ്ണുനാഥ് സമ്മാനങ്ങൾ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home